സവർക്കറെ സ്വാതന്ത്ര്യസമര സേനാനിയാക്കാൻ സംഘപരിവാർ ശ്രമം നടത്തുന്നു; വിമർശനവുമായി മുഖ്യമന്ത്രി

കൊല്ലം: സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ആക്ഷേപിക്കാനും സവർക്കറെ സ്വാതന്ത്ര്യസമര സേനാനിയാക്കാനും സംഘപരിവാർ വലിയ ശ്രമം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി നിർമ്മിച്ച യൂത്ത് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്തവരാണ് സംഘപരിവാറെന്നും തങ്ങളുടെ പിന്തുണ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ആണെന്ന് വൈസ്രോയിക്ക് എഴുതിക്കൊടുത്തവരാണ് ആർഎസ്എസുകാരെന്നും അദ്ദേഹം വിമർശിച്ചു. അതുകൊണ്ടാണ് ഒരു മടിയുമില്ലാതെ ആന്തമാൻ ജയിലിൽ സവർക്കർ മാപ്പ് എഴുതിക്കൊടുക്കാൻ തയ്യാറായത്. എന്നിട്ടും സവർക്കറെ ആദരിക്കാൻ ആർഎസ്എസ് വഴിവിട്ട മാർഗങ്ങൾ സ്വീകരിക്കുന്നു. ഇതിനായി കേന്ദ്ര സർക്കാരിനെയും ആർഎസ്എസ് ആയുധമാക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധിജി ഉപദേശിച്ചതിനാലാണ് സവർക്കർ മാപ്പ് എഴുതിക്കൊടുത്തതെന്ന പച്ചനുണയും പ്രചരിപ്പിക്കുന്നുവെന്നും സംഘപരിവാർ ഗാന്ധിജിയെ ആക്ഷേപിച്ചപ്പോൾ പ്രതികരിക്കാൻ പല മാദ്ധ്യമങ്ങളും മുന്നോട്ടു വന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

മതാധിഷ്ഠിത രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് ആർഎസ്എസിന്റെ ആഗ്രഹം. പൗരത്വ നിയമ ഭേദഗതി. ഇതിന്റെ തെളിവാണ്. മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടന തകർത്ത ആഗോളവൽക്കരണ- ഉദാരവൽക്കരണ നയം ആദ്യം നടപ്പാക്കിയത് കോൺഗ്രസ് ആണ്. അത് തീവ്രമായി നടപ്പാക്കുകയാണ് ബിജെപി സർക്കാർ. എന്നാൽ, തങ്ങൾ ചെയ്തത് തെറ്റായിപ്പോയി എന്നു പറയാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. ഭരണമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസും കേന്ദ്രത്തിൽ ബിജെപി സർക്കാരും നടപ്പാക്കുന്നത് ഒരേ സാമ്പത്തിക നയമാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാറിന്റേത് ബദൽ നയമാണ്. വർഗീയതയെ എതിർക്കാനും തുറന്നുകാട്ടാനും വിട്ടുവീഴ്ചയില്ലാതെ എക്കാലവും ഡിവൈഎഫ്ഐ മുന്നോട്ടുവന്നിട്ടുണ്ടെന്നും വ്യത്യസ്ത മാതൃകകൾ തീർത്ത പ്രവർത്തനങ്ങളാൽ സമൂഹം ഡിവൈഎഫ്ഐയെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.