General (Page 1,344)

തിരുവനന്തപുരം: കാലവർഷക്കെടുതി മൂലം ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിർമ്മാണപുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ച് പൊതുമരാമത്ത് വകുപ്പ്. പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവറാവു ഐ എ എസിന്റെ നേതൃത്വത്തിലുള്ള ടീമിനെയാണ് നിയോഗിച്ചത്. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പിഎംുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പി ഡബ്ല്യുഡി മിഷൻ ടീം യോഗത്തിലാണ് തീരുമാനം.

മൂന്ന് ചീഫ് എഞ്ചിനിയർമാരും ടീമിൽ ഉണ്ടാകും. പത്തനംതിട്ട ജില്ലയിലും കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികൾ സംഘം നേരിട്ട് സന്ദർശിക്കുകയും വിലയിരുത്തുകയും ചെയ്യും. കാലവർഷം നിലവിലുള്ള ശബരിമല റോഡ് നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. പരിശോധനക്ക് ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ഉന്നതതല സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

നവംബർ ഏഴിന് പത്തനംതിട്ടയിൽ ശബരിമല റോഡ് പ്രവൃത്തി വിലയിരുത്താൻ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. എംഎൽഎമാരും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടർമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പിലെ ഉന്നതതല സംഘം നൽകുന്ന റിപ്പോർട്ട് കൂടി പരിഗണിച്ച് ആവശ്യമായ തീരുമാനങ്ങൾ യോഗം സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ലണ്ടൻ: കോവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോൽനുപിറാവിറിന് അംഗീകാരം നൽകി ബ്രിട്ടൺ. മോൽനുപിറാവിറിന് ലോകത്ത് ആദ്യമായി അംഗീകാരം നൽകുന്നത് ബ്രിട്ടനാണ്. ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി അതോറിറ്റിയാണ് മോൽനുപിറാവിർ ഗുളികയ്ക്ക് അംഗീകാരം നൽകിയത്. ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവർക്കും മരണസാദ്ധ്യതയുള്ളവർക്കും ഗുളിക ഫലപ്രദമാണെന്നാണ് ക്ലിനിക്കൽ പരീക്ഷണങ്ങളിലെ കണ്ടെത്തൽ. മെർക്ക് ആൻഡ് റിഡ്ജേബാക്ക് ബയോ തെറാപ്യൂട്ടിക്സാണ് ഗുളിക വികസിപ്പിച്ചത്.

രോഗം ബാധിച്ച ഉടൻ ഗുളിക കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. കോവിഡ് ബാധിച്ച് രോഗലക്ഷണങ്ങൾ പ്രകടമായാൽ അഞ്ചു ദിവസത്തിനകം മരുന്ന് നൽകണമെന്നാണ് ബ്രിട്ടീഷ് ഏജൻസി നിർദേശിച്ചിരിക്കുന്നത്. ഗുളികയെത്തുന്നതോടെ ആശുപത്രിക്ക് പുറത്ത് തന്നെ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ആശുപത്രിവാസം കുറയ്ക്കുന്നതിനും ഇത് സഹായകമാകും. ഗുളിക ഉപയോഗിക്കുന്നതിന് യു.എസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരവും തേടിയിട്ടുണ്ട്.

കർശനമായ അവലോകനത്തിന് ശേഷമാണ് ബ്രിട്ടൻ മരുന്നിന് അംഗീകാരം നൽകിയതെന്നാണ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റഗുലേറ്ററി ഏജൻസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഗുളികയുടെ സുരക്ഷിതത്വം, ഗുണമേന്മ, ഫലപ്രാപ്തി തുടങ്ങിയ ഘടകങ്ങളെല്ലാം പരിശോധിക്കപ്പെട്ടിട്ടുണ്ട്.

ഷാർജ: പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ ശുപാർശയിൽ പ്രതികരണവുമായി മലങ്കര ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ. പള്ളിത്തർക്കത്തിൽ ജസ്റ്റിസ് കെ ടി തോമസ് ശുപാർശ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധിയെ ലംഘിച്ചുകൊണ്ടുള്ള നിയമ നിർമ്മാണത്തിന് സാധുതയില്ലെന്നും സർക്കാർ നിയമ നിർമ്മാണത്തിന് പോകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി നടപാക്കാൻ ആർജ്ജവമുള്ള സർക്കാരാണ് ഭരിക്കുന്നത്. പള്ളിത്തർക്കത്തിൽ നിയമം നിയമത്തിന്റെ വഴിയെന്ന സഭയുടെ മുൻ നിലപാടിൽ മാറ്റമില്ലെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ അറിയിച്ചു.

ഓർത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പള്ളികളിൽ ഹിത പരിശോധന വേണമെന്നാണ് ജസ്റ്റിസ് കെടി തോമസ് കമ്മീഷൻ ശുപാർശ ചെയ്തത്. ഇതിന് പിന്നാലെയാണ് കമ്മീഷനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഓർത്തഡോക്‌സ് സഭ രംഗത്തെത്തിയത്. അതേസമയം കമ്മീഷന്റെ ശുപാർശയെ സ്വാഗതം ചെയ്യുന്ന നിലപാടിലാണ് യാക്കോബായ സഭ.

ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മീഷന്റെ ശുപാർശകൾ കഴിഞ്ഞ ദിവസമാണ് നിയമ മന്ത്രി പി രാജീവിന് കമ്മീഷൻ ഉപാധ്യാക്ഷൻ കെ ശശിധരൻ നായർ കൈമാറിയിരുന്നു. സുപ്രീം കോടതി വിധിക്കു ശേഷം ശാശ്വതമായ സമാധാനം ഉണ്ടാകാത്തതിനാലാണു നിയമ നിർമാണം വേണ്ടി വരുന്നതെന്നും നിയമം സർക്കാർ നടപ്പാക്കിയാൽ സംഘർഷങ്ങൾ ഇല്ലാതാകുമെന്നും ജസ്റ്റിസ് കെ ടി തോമസ് വ്യക്തമാക്കിയിരുന്നു.

തർക്കമുണ്ടാകുന്ന പള്ളിയിലെ അംഗങ്ങളിൽ പ്രായപൂർത്തിയായവർക്ക് വോട്ടവകാശം നൽകി അതിലൂടെ പള്ളിയുടെ ഉടമവസ്ഥാവകാശം തീരുമാനിക്കുന്ന രീതിയാണ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.

ന്യൂഡൽഹി: ഉത്തരാഖണ്ഡ് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച്ച അദ്ദേഹം ഉത്തരാഖണ്ഡിലെത്തും. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 6.30 ന് ഉത്തരാഖണ്ഡിലെത്തുന്ന പ്രധാനമന്ത്രി എട്ടു മണിക്ക് കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. 8.30 ന് ആദി ഗുരു ശങ്കരാചാര്യരുടെ സമാധി അദ്ദേഹം ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടഡനുബന്ധിച്ച് കേദാർനാഥിലെ ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. 2013 ലെ ഉത്തരഖണ്ഡ് പ്രളയത്തിൽ തകർന്ന ആദി ശങ്കരാചാര്യരുടെ സമാധിയാണ് പുനർനിർമിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവ്വഹിക്കുന്നത്. ഉത്തരാഖണ്ഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 130 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നരേന്ദ്രമോദി നിർവഹിക്കും. പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്ന ഉത്തരാഖണ്ഡിലെ നിർമാണ പ്രവർത്തനങ്ങളും നരേന്ദ്ര മോദി വിലയിരുത്തും.

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഡാമിന്റെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവാ സങ്കേതത്തിൽ കനത്ത മഴ പെയ്തതോടെയാണ് ജലനിരപ്പ് ഉയർന്നത്. ഇതോടെ അണക്കെട്ടിന്റെ സ്പിൽവെയിലെ ഏഴ് ഷട്ടറുകൾ ഉയർത്തി വെളളം തുറന്നുവിട്ടിരിക്കുകയാണ്. നിലവിൽ ഡാമിലെ ജലനിരപ്പ് 138.90 അടിയാണ്.

അതേസമയം ഷട്ടർ തുറന്ന സാഹചര്യത്തിൽ നാളെ തമിഴ്നാട്ടിലെ അഞ്ച് മന്ത്രിമാരും തേനിയിലെ ഉൾപ്പടെ മൂന്ന് എംഎൽഎമാരും ഡാം സന്ദർശിക്കും. തമിഴ്നാട് ജലസേചന മന്ത്രി ദുരൈ മുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണമന്ത്രി ഐ. പെരിയസ്വാമി, റവന്യു മന്ത്രി മൂർത്തി, ഭക്ഷ്യ സിവിൽ സ്‌പ്ലൈസ് മന്ത്രി ചക്രപാണി തുടങ്ങിയവരും എംഎൽഎമാരുമാണ് ഡാം സന്ദർശിക്കുന്നത്.

സെക്കന്റിൽ 3900 ഘനയടി വെളളമാണ് പെരിയാറിലൂടെ ഒഴുക്കിവിട്ടത്. കനത്തമഴയെ തുടർന്ന് അഞ്ച് മണിക്കൂർ കൊണ്ട് അണക്കെട്ടിൽ ഒരടി വെളളം ഉയർന്നിരുന്നു. ഇതാണ് ഷട്ടർ തുറക്കാൻ കാരണമായത്. പെരിയാറിൽ ജലനിരപ്പ് ഉയർന്ന നിലയിലാണെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണ ദീപാവലി ആഘോഷിച്ചത് സൈനികർക്കൊപ്പം. ജമ്മു കശ്മീരിലെ സൈനികർക്കൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിക്കുന്നത്. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി വിമാനമാർഗം ജമ്മു കശ്മീരിൽ എത്തിയത്. ശ്രീനഗറിൽ എത്തിയ പ്രധാനമന്ത്രി രജൗരി ജില്ലയിലെ നൗഷേര സെക്ടറിലേക്ക് പോയി. കരസേനാ മേധാവി എം എം നരവനെയും ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയായിട്ടല്ല, സൈനിക കുടുംബത്തിലെ ഒരംഗമായാണ് താനെത്തിയതെന്ന് മോദി സൈനികരെ അറിയിച്ചു.

സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതാണ് തനിക്ക് സന്തോഷമെന്നും 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹവുമായാണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം സൈനികരോട് പറഞ്ഞു. രാജ്യം സൈനികരെ ഓർത്ത് അഭിമാനിക്കുന്നു. സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ചുമതല എല്ലാ ഇന്ത്യക്കാർക്കുമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പ്രതിരോധമേഖല കൂടുതൽ സ്വദേശിവത്കരിക്കുമെന്ന് സന്ദർശന വേളയിൽ മോദി ചൂണ്ടിക്കാട്ടി. സൈനികമേഖലയിലും ആത്മനിർഭർഭാരത് ആശയമാണ് നടപ്പാക്കുന്നത്. സ്വന്തമായി ആയുധങ്ങളും യുദ്ധ ടാങ്കുകളും രാജ്യം നിർമ്മിക്കുന്നു. വനിതകൾക്ക് സൈന്യത്തിൽ പ്രവേശനം നൽകുകയാണെന്നും നമ്മുടെ പെൺകുട്ടികൾ സൈന്യത്തിൻറെ ഭാഗമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

സൈന്യത്തിൽ ചേരുന്നത് ഒരു ജോലിയല്ലെന്നും അത് ഒരു സേവനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിറന്ന മണ്ണിനെ സേവിക്കലാണ്. രാജ്യസുരക്ഷയാണ് നമുക്ക് പ്രധാനം. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും നമ്മൾ തയ്യാറാകില്ല. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴും സൈന്യമാണ് രക്ഷയ്ക്ക് എത്തുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

നൗഷേര സെക്ടറിൽ നിന്ന് നടന്ന സർജിക്കൽ സ്‌ട്രൈക്കിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. സർജിക്കൽ സ്‌ട്രൈക്ക് രാജ്യത്തിന് നൽകിയ സംഭാവന വലുതാണ്. ഈ മിന്നലാക്രമണത്തിന് ശേഷം കശ്മീരിൽ അശാന്തിയുണ്ടാക്കാൻ ശ്രമം നടന്നുവെന്നും ഭീകരതയെ ചെറുത്ത് തോൽപിക്കാൻ രാജ്യത്തിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച സൈനികർക്ക് നൗഷേരയിലെ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

അയോധ്യ: ദീപപ്രഭയിൽ മുഖരിതമായി അയോദ്ധ്യ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അയോദ്ധ്യയിൽ സരയൂ നദീതീരത്ത് 12 ലക്ഷം ചെരാതുകളാണ് തെളിയിച്ചത്. ദീപം തെളിയിക്കലിൽ പുതിയ ലോക റെക്കോർഡാണ് ഇതോടെ നേടിയത്. ഉത്തർപ്രദേശ് സർക്കാരിന്റെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് സരയൂ തീരത്ത് മൺചെരാതുകൾ തെളിയിച്ചത്. വർണ്ണാഭമായ വെടിക്കെട്ടും ലേസർ ഡിസ്‌പ്ലേയും ലൈറ്റ് ഷോയുമെല്ലാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

രാമക്ഷേത്രം പണിയുന്ന അയോദ്ധ്യ നഗരത്തിൽ ഇത്തവണ മൂന്ന് ലക്ഷം ദീപങ്ങൾ അധികമായി തെളിയിക്കാനായിരുന്നു ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം. 6 ലക്ഷത്തോളം ദീപങ്ങളാണ് കഴിഞ്ഞ ദീപാവലി ആഘോഷത്തിൽ അയോദ്ധ്യയിൽ തെളിയിച്ചിരുന്നത്. തുടർന്നാണ് ഇത്തവണ 12 ലക്ഷം ദീപങ്ങൾ തെളിയിക്കണമെന്ന ലക്ഷ്യം സർക്കാർ മുന്നോട്ട് വെച്ചത്.

തുടർച്ചയായ അഞ്ചാം വർഷമാണ് യോഗി സർക്കാർ അയോദ്ധ്യയിൽ ദീപോത്സവം നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആഘോഷ പരിപാടികളിൽ യാതൊരു കുറവും വരരുതെന്ന നിർബന്ധം സർക്കാരിനുണ്ടായിരുന്നു. അതിനാൽ തന്നെ ഗംഭീരമായാണ് ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്. അതേസമയം നദീതീരത്ത് ദീപങ്ങൾ തെളിയിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ സംസ്ഥാന സർക്കാരും യോഗി ആദിത്യനാഥും ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്ന

കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി. സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച വിധിക്കെതിരെയാണ് എൻഐഎ സുപ്രീം കോടതിയെ സമീപിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന ഉൾപ്പെടെയുള്ള ഏഴ് പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 25 ലക്ഷത്തിന്റെ ബോണ്ടടക്കമുള്ള ഉപാധിയിന്മേലാണ് ജാമ്യം അനുവദിച്ചത്. എൻഐഎ കോടതി വിധിയ്‌ക്കെതിരായ അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

സ്വപ്നയും സരിത്തും നൽകിയ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും തങ്ങൾക്കെതിരെ യുഎപിഎ ചുമത്തുവാൻ തക്ക തെളിവുകൾ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.

2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിൽ നിന്ന് 14.82 കോടി രൂപ വിലവരുന്ന സ്വർണം എയർപോർട്ട് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ കസ്റ്റംസിന് പുറമെ എൻഫോഴ്‌സ്‌മെന്റും എൻഐഎയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിർമാണം ഉടൻ. നിയമപരിഷ്‌കരണ കമ്മീഷൻ സമർപ്പിച്ച കരട് ബിൽ നിലവിൽ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. അധികം വൈകാതെ ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് നിയമമാക്കുമെന്നാണ് റിപ്പോർട്ടുകൾ.

അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുന്നതാണ് ബില്ല്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് ഏഴു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും നിയമത്തിൽ ഉറപ്പാക്കുന്നു. മന്ത്രവാദം, കൂടോത്രം, നഗ്‌നരാക്കി നടത്തിക്കൽ, പ്രേതബാധ ഒഴിപ്പിക്കൽ, നിധി തേടിയുള്ള ഉപദ്രവം, ചികിത്സ തടയൽ തുടങ്ങിയവ ശിക്ഷാർഹമാണെന്നും മന്ത്രവാദത്തിന്റെ പേരിൽ ലൈംഗികമായി പീഡിപ്പിക്കലും കടുത്ത കുറ്റമാണെന്നും ബില്ലിൽ വ്യക്തമാക്കുന്നു.

ഓരോന്നിനുമുള്ള ശിക്ഷ കരടിൽ വിശദമാക്കിയിട്ടുണ്ട്. കരട് ബിൽ തയ്യാറാക്കാൻ ജസ്റ്റിസ് കെ ടി തോമസ് ചെയർമാനായ നിയമപരിഷ്‌കരണ കമ്മീഷനെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ബില്ലിൽ ക്രിമിനൽ നടപടികൾ വ്യവസ്ഥ ചെയ്തിരിക്കുന്നതിനാൽ ആഭ്യന്തര വകുപ്പിന്റെ വിശദ പരിശോധന ആവശ്യമാണ്. ഇതിന് ശേഷം മാത്രമെ ബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നതിന് ഉൾപ്പെടെ തീരുമാനമാകൂ.

തിരുവനന്തപുരം: ഡിസംബർ 31 വരെ സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി ഒഴിവാക്കി സർക്കാർ. സിനിമാ മേഖല നേരിടുന്ന പ്രശ്നങ്ങളിൽ അനുഭാവപൂർണമായി നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2021 ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള നികുതിയിലും തിയേറ്ററുകൾ അടഞ്ഞു കിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജിലും ഇളവുകൾ നൽകാനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

ഡിസംബർ 31 വരെയുള്ള ഫിക്സഡ് ചാർജിൽ 50 ശതമാനം ഇളവ് നൽകും. ബാക്കി തുക 6 തവണകളായി അടക്കുവാനും അവസരം നൽകും. കോവിഡ് കാരണം തിയേറ്ററുകൾ അടഞ്ഞുകിടന്ന കാലയളവിലെ കെട്ടിടനികുതി പൂർണമായും ഒഴിവാക്കും. ഇതിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകണം. ഒരു ഡോസ് വാക്സിനേഷൻ എടുത്തവരെയും തിയേറ്ററുകളിൽ പ്രവേശിപ്പിക്കുവാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ 50 ശതമാനം സീറ്റിങ് കപ്പാസിറ്റി എന്ന നിബന്ധന ആദ്യഘട്ടത്തിൽ തുടരും. ഇക്കാര്യത്തിൽ ഇളവുകൾ അനുവദിക്കുന്ന കാര്യം അടുത്തഘട്ടത്തിൽ ആലോചിച്ചു തീരുമാനം കൈക്കൊള്ളാനും യോഗത്തിൽ തീരുമാനിച്ചു.

ധനകാര്യസ്ഥാപനങ്ങളിൽ തിയേറ്റർ ഉടമകൾക്കും സിനിമാ സംരംഭകർക്കുമുള്ള ലോൺ കടബാധ്യതകൾ തിരിച്ചടക്കുവാൻ മൊറട്ടോറിയം വേണമെന്ന ആവശ്യം ചർച്ച ചെയ്യാൻ സംസ്ഥാനതല ബാങ്കിങ് സമിതി യോഗം വിളിച്ചു ചേർക്കും. സിനിമാ ഷൂട്ടിങ്ങുകൾക്ക് നിലവിലെ പൊതുമാനദണ്ഡങ്ങൾ പാലിക്കണം. സിനിമാ തിയേറ്ററുകൾ തുറക്കുന്നതിനുള്ള പ്രാരംഭ ചെലവുകൾക്കായി തിയേറ്ററുകൾക്ക് പ്രത്യേക ധനസഹായ പാക്കേജ് നൽകുന്ന കാര്യം പരിശോധിച്ച് തീരുമാനമെടുക്കാൻ ധനകാര്യവകുപ്പിനോട് യോഗം ആവശ്യപ്പെട്ടു. സാധാരണ തിയേറ്ററുകളിൽ സ്‌ക്രീൻ വിഭജിക്കുമ്പോൾ അധിക വൈദ്യുതി താരിഫ് വരുന്നു എന്ന വിഷയം പഠിച്ചു തീരുമാനം അറിയിക്കാൻ വൈദ്യതി വകുപ്പിനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു.സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ, ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്, വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.