ആധാർ നിയമലംഘനങ്ങളിൽ നടപടിയെടുക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്ക് അധികാരം; ചട്ടം സർക്കാർ വിജ്ഞാപനം ചെയ്തു

ന്യൂഡൽഹി: ആധാർ നിയമലംഘനങ്ങളിൽ നടപടിയെടുക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്ക് അധികാരം. ഇതിന് അനുമതി നൽകുന്ന ചട്ടം സർക്കാർ വിജ്ഞാപനം ചെയ്തു. ആധാർ നിയമ ലംഘനങ്ങൾക്ക് ഇനി ഒരു കോടി രൂപവരെ പിഴ ലഭിക്കാം. ചട്ടം നിലവിൽ വന്നതോടെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക് കഴിയും.

ഉദ്യോഗസ്ഥരുടെ തീരുമാനത്തിന് എതിരായ അപ്പീലുകൾ ഡിസ്പ്യൂട്‌സ് സെറ്റിൽമെന്റ് ആൻഡ് അപ്ലേറ്റ് ട്രൈബ്യൂണലിൽ നൽകണം. ലംഘനങ്ങളിൽ നടപടിയെടുക്കാനും പരാതി പരിഹാരത്തിനും കേന്ദ്രസർക്കാരിലെ ജോയിൻറ് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

പരാതി പരിഹാര ഉദ്യോഗസ്ഥന് പത്ത് വർഷത്തെയെങ്കിലും സർവീസ് ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്. നിയമം, മാനേജ്‌മെന്റ് ഐടി, വാണിജ്യം എന്നീ വിഷയങ്ങളിലൊന്നിലെങ്കിലും മൂന്നു വർഷത്തെ വിദഗ്ധ പരിചയം പരാതി പരിഹാര ഉദ്യോഗസ്ഥന് ഉണ്ടായിരിക്കണം. പിഴ അടയ്ക്കാത്തവരുടെ സ്വത്ത് കണ്ടുകെട്ടാനും നിർദ്ദേശം നൽകാം. നടപടിക്ക് മുൻപ് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ആരോപണവിധേയർക്ക് വിശദീകരണം നൽകാൻ അവസരം നൽകുകയും വേണമെന്നും ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുന്നതും മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ നൽകുന്നതും കുറ്റകരമാണ്. 2019 ൽ പാർലമെന്റ് പാസാക്കിയ ആധാർ നിയമം അനുസരിച്ചാണ് ഐടി മന്ത്രാലയം ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്.