ജയിൽവാസം ആരോഗ്യസ്ഥിതി വഷളാക്കി; വിദഗ്ദ്ധ ചികിത്സയ്ക്ക് തയ്യാറെടുത്ത് സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഒന്നരവർഷത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ സ്വപ്‌നാ സുരേഷ് വിദഗ്ധ ചികിത്സയ്‌ക്കൊരുങ്ങുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നഗരത്തിലെ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ നടത്താനാണ് സ്വപ്‌നാ സുരേഷിന്റെ തയ്യാറെടുപ്പുകൾ. നിലവിൽ വീട്ടിൽ വിശ്രമിക്കുകയാണ് സ്വപ്ന. ജയിലിലായ ശേഷമുണ്ടായ മാനസിക – ശാരീരിക ആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിച്ചശേഷം കേസുകളെ നേരിടാനും കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനുമാണ് സ്വപ്‌നയുടെ നീക്കം.

ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം സ്വപ്‌ന ഇതുവരെ മാദ്ധ്യമങ്ങളെ കണ്ടിട്ടില്ല. സ്വപ്‌നയുടെ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് മാദ്ധ്യമങ്ങൾ. സ്വപ്‌ന ഉടൻ മാദ്ധ്യമങ്ങളെ കാണുമെന്നാണ് അമ്മ പ്രഭ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത ബന്ധുക്കളിൽ ചിലർ മാത്രമാണ് സ്വപ്നയെ വീട്ടിലെത്തി സന്ദർശിച്ചത്. പുറത്തു നിന്നുള്ളവരുമായി ഇതുവരെ സ്വപ്ന കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടില്ല.

കേസന്വേഷണവും കസ്റ്റഡിയും ജയിൽവാസവും സ്വപ്‌നയുടെ ആരോഗ്യസ്ഥിതി വഷളാക്കിയെന്നാണ് പ്രഭ പറയുന്നത്. ജയിൽ ഭക്ഷണത്തോടുള്ള അനിഷ്ടം ആഹാരത്തോട് വെറുപ്പുണ്ടാകാനും ശരീരം ക്ഷീണിക്കാനും കാരണമായെന്നും ജാമ്യം ലഭിക്കാൻ വൈകിയത് മാനസികപിരിമുറുക്കത്തിന് ഇടയാക്കിയെന്നും പ്രഭ വിശദമാക്കി. ഉറക്കകുറവ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളും സ്വപ്‌നയ്ക്ക് ഉണ്ടായിരുന്നു. ഇവയ്ക്ക് പരിഹാരം കണ്ടശേഷം മാദ്ധ്യമങ്ങളെ കാണാനാണ് സ്വപ്‌ന തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.