ജനമൈത്രി പോലീസിന്റെ പാഥേയം പദ്ധതി; അഭിനന്ദനം അറിയിച്ച് സുരേഷ് ഗോപി

തൃശൂർ: ജനമൈത്രി പോലീസിന്റെ പൊതിച്ചോറിന് അഭിനന്ദനം അറിയിച്ച് സുരേഷ് ഗോപി. ദേശീയ പാതയിൽ കൊരട്ടി ജംഗ്ഷനിൽ ജനമൈത്രി പോലീസ് നടത്തി വരുന്ന പൊതിച്ചോറ് പദ്ധതിയെയാണ് അദ്ദേഹം അഭിനന്ദിച്ചത്.

ഒരു വർഷത്തോളമായി ജനമൈത്രി പോലീസ് പാഥേയം എന്ന പേരിൽ പൊതിച്ചോറ് പദ്ധതി നടത്തുന്നുണ്ട്. ഇവിടെയുള്ള ഷെൽഫിൽ ആർക്കും പൊതിച്ചോറ് വയ്ക്കുകയും വിശക്കുന്നവർക്ക് ഭക്ഷണം കൊണ്ടുപോകുകയും ചെയ്യാം. നിരവധി പേരാണ് പൊതി വെയ്ക്കാനും എടുക്കാനുമായി ഇവിടെ എത്തുന്നത്. ഇതറിഞ്ഞാണ് സുരേഷ് ഗോപി പൊതിച്ചോറുമായി സ്ഥലത്ത് എത്തിയത്.

കൊണ്ടുവന്ന പൊതിച്ചോറുകൾ അദ്ദേഹം തന്നെ ഷെൽഫിൽ വെച്ചു. തിരികെ ഇറങ്ങി പോലീസുകാരോട് സിഐ എവിടെയാണെന്നും അദ്ദേഹം തിരക്കി. സിഐ സ്റ്റേഷനിൽ യോഗത്തിലാണെന്ന് എസ്ഐ എംവി തോമസ് സുരേഷ് ഗോപിയെ അറിയിച്ചു. ഇതോടെ സിഐ ബികെ അരുണിനായി കൊണ്ടുവന്ന പൊന്നാട അദ്ദേഹം എസ് ഐയെ ഏൽപ്പിച്ചു. ഒപ്പം ഇത് അദ്ദേഹത്തിനുള്ളതാണ്, ഇതിന്റെയെല്ലാം ആൾ അദ്ദേഹമല്ലേയെന്നും സുരേഷ് ഗോപി അറിയിച്ചു. ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാനുള്ള സംവിധാനം താൻ നൽകാമെന്ന വാഗ്ദാനം നൽകിയ ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. കോ ഓർഡിനേറ്റർമാരായ കെ.സി.ഷൈജു, സുന്ദരൻ പനംകൂട്ടത്തിൽ, കെ.എൻ.വേണു എന്നിവരാണ് പദ്ധതിയെ കുറിച്ച് സുരേഷ് ഗോപിയ്ക്ക് വിശദീകരിച്ച് നൽകിയത്.