തിരുവനന്തപുരം: തിരുവനന്തപുരത്ത് അടുത്ത മാസം ലുലു മാൾ പ്രവർത്തനം ആരംഭിക്കുന്നു. ഡിസംബർ 16 ന് രാവിലെ 11.30 ന് തിരുവനന്തപുരത്തെ ലുലു മാളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടന ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും.
കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം അനുവദിക്കൂവെന്നും കൂടുതൽ ആളുകളെ ചടങ്ങിലേക്ക് ക്ഷണിക്കാൻ സാധിക്കാത്തതിൽ ദു:ഖമുണ്ടെന്നും യൂസഫലി അറിയിച്ചു.
രണ്ടായിരം കോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ലുലുമാൾ ഒരുക്കിയിരിക്കുന്നത്. ടെക്നോപാർക്കിനു സമീപം ആക്കുളത്താണ് മാൾ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തിരുവനന്തപുരത്തേത്. 2 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർമാർക്കറ്റാണ് ഷോപ്പിംഗ് മാളിന്റെ പ്രധാന പ്രത്യേകത. ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, 200-ൽ പരം രാജ്യാന്തര ബ്രാൻഡുകൾ, 12 സ്ക്രീൻ സിനിമ, 80,000 ചതുരശ്രയടിയിൽ കുട്ടികൾക്കായി ഏറ്റവും വലിയ എന്റർടെയിന്മെന്റ് സെന്റർ, 2,500 പേർക്കിരിക്കാവുന്ന വിശാലമായ ഫുഡ്കോർട്ട് തുടങ്ങിയവയും മാളിലുണ്ട്.
3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗും ഷോപ്പിംഗിലുണ്ട്. പാർക്കിംഗ് മാനേജ്മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാർക്കിംഗ് ഗൈഡൻസ് എന്നീ അത്യാധുനിക സംവിധാനവും മാളിൽ ഒരുക്കിയിട്ടുണ്ട്. ഷോപ്പിംഗ് മാൾ പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നും ഇതിനകം ലഭിച്ചു കഴിഞ്ഞതായി ലുലു തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ജോയ് സദാനന്ദൻ നായർ അറിയിച്ചു.

