തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ പുതിയ നീക്കങ്ങളുമായി ആം ആദ്മി

ലക്‌നൗ: തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ പുതിയ നീക്കങ്ങൾ ആരംഭിച്ച് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. മൃദു ഹിന്ദുത്വം പയറ്റി ബി ജെ പിയെ തോൽപ്പിക്കാനാണ് അരവിന്ദ് കെജ്‌രിവാളിന്റെ നീക്കം. ഇതിനായി ബി ജെ പിയെക്കാൾ ഒരു പടി മേലുള്ള ഹിന്ദുത്വ കാർഡാണ് ഇപ്പോൾ അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്. ഡൽഹിയിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമത്തുതന്നെ കെജ്രിവാൾ ഹിന്ദുത്വത്തിൽ ചെറിയ തോതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അടുത്തിടെയാണ് ഇത് കൂടുതൽ തീവ്രമാകാൻ ആരംഭിച്ചത്.

കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ഇതിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഈ വിമർശനങ്ങളൊന്നും ആംആദ്മി കണക്കിലെടുത്തിട്ടില്ല. ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഉത്തർപ്രദേശിൽ അധികാരം പിടിച്ചെടുക്കണമെന്നാണ് ആംആദ്മിയുടെ ലക്ഷ്യം. ഉത്തർപ്രദേശിൽ 403 സീറ്റലും മത്സരിക്കാനാണ് പാർട്ടി പദ്ധതിയിടുന്നത്. ഇതിനായി പാർട്ടിയെ സജ്ജമാക്കാനായി ഉത്തർപ്രദേശിലെത്തിയ കെജ്രിവാൾ അയോദ്ധ്യ സന്ദർശിച്ചിരുന്നു. രംലല്ലയിൽ അദ്ദേഹം അർച്ചനയും സരയൂഘട്ടിൽ ആരതിയും നടത്തിയിരുന്നു.

ഡൽഹിയിലെ മുതിർന്ന പൗരൻമാർക്കുള്ള സൗജന്യ തീർത്ഥാടന പദ്ധതിക്ക് കീഴിൽ അയോദ്ധ്യയും ഉൾപെടുത്തുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയിരുന്നു. രാമന്റെയും സരയു ദേവിയുടെയും അനുഗ്രഹത്താൽ രാജ്യം േകോവിഡിൽ നിന്നും മുക്തി നേടുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. അതേസമയം മൃദു ഹിന്ദുത്വവാദിയാണെന്ന വിമർശനത്തിന് മറുപടിയുമായി കഴിഞ്ഞദിവസം കെജ്രിവാൾ തന്നെ രംഗത്തെത്തിയിരുന്നു. ഗോവ സന്ദർശനവേളയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഹിന്ദുവായതിനാലാണ് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതെന്നും ആർക്കും തന്നെ എതിർക്കാൻ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

നിങ്ങൾ ക്ഷേത്രത്തിൽ പോകാറില്ലേ. താനും പോകാറുണ്ട്. ക്ഷേത്രത്തിൽ പോകുന്നതിൽ തെറ്റൊന്നുമില്ല. ക്ഷേത്രങ്ങൾ സന്ദർശിക്കുമ്പോൾ നിങ്ങൾക്ക് സമാധാനം ലഭിക്കുന്നു. താൻ ഹിന്ദുവായതുകൊണ്ട് ക്ഷേത്രങ്ങളിൽ പോകുന്നു. തന്റെ ഭാര്യ ഗൗരീശങ്കർ ക്ഷേത്രത്തിൽ പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗോവയുടെ പദ്ധതികൾ അനുകരിക്കുകയാണെന്ന വിമർശനത്തെയും അദ്ദേഹം തള്ളി. ആംആദ്മി സർക്കാർ നടപ്പാക്കുന്ന പദ്ധതി അനുകരിക്കുകയാണ് ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്തെന്നാണ് കെജ്രിവാൾ പറയുന്നത്.