മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിറങ്ങിയത് കേരളവും തമിഴ്‌നാടും ചേർന്ന് നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷം; രേഖകൾ പുറത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറി ഉത്തരവിറങ്ങിയത് കേരളവും തമിഴ്‌നാടും ചേർന്ന് നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. പ്രമുഖ മലയാള മാദ്ധ്യമമാണ് ഇതുസംബന്ധിച്ച് രേഖകൾ പുറത്തുവിട്ടത്.

തമിഴ്‌നാടിന് ടി.കെ.ജോസ് നൽകിയ മിനിട്‌സിൽ മരംമുറിക്ക് അനുമതി നൽകുന്നത് പരിഗണനയിലാണെന്ന് ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തു വന്നിരിക്കുന്നത്. തമിഴ്‌നാടും കേരളവുമായി നടത്തിയ ചർച്ചയുടെ മിനിട്‌സാണ് പുറത്തുവന്നത്. അതേസമയം കഴിഞ്ഞ ദിവസം മരംമുറിയ്ക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെന്റ് ചെയ്തിരുന്നു. മരംമുറി സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം എടുത്തുവെന്ന് ആരോപിച്ചാണ് ബെന്നിച്ചനെ സസ്‌പെൻഡ് ചെയ്തത്.

സെപ്തംബർ 17-ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും 25 ഉദ്യോഗസ്ഥർ ചർച്ച നടത്തിയതായാണ് രേഖകളിലുള്ളത്. അഡീ.ചീഫ് സെക്രട്ടറിയും വനം സെക്രട്ടറിയും മരംമുറി ഉത്തരവ് സംബന്ധിച്ച് എല്ലാം അറിഞ്ഞിരുന്നുവെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. ടി.കെ.ജോസ് തമിഴ്നാടിന്റെ അംഗീകാരത്തിന് അയച്ച മിനിട്സിൽ മരംമുറിക്ക് അനുമതി നൽകുന്നത് പരിഗണനയിലെന്നും വ്യക്തമാക്കുന്നുണ്ട്. ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കുന്നത് പരിഗണനയിലാണെന്ന് കൃത്യമായി മിനിറ്റ്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വനം സെക്രട്ടറി തമിഴ്നാടുമായുള്ള ചർച്ചയിൽ ഇക്കാര്യം ഉറപ്പ് നൽകിയിട്ടുമുണ്ട്. മുല്ലപ്പെരിയാറിലേക്കുള്ള റോഡിന് അനുമതി നൽകുന്നതും പരിഗണനയിലുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

നവംബർ 2 നാണ് ടി.കെ.ജോസ് മിനിട്സ് തമിഴ്നാടിന്റെ അംഗീകാരത്തിനായി അയച്ചത്. ഇതിന് പിന്നാലെയാണ് മരം മുറിക്ക് അനുമതി നൽകിയത്. മരം മുറി ഉത്തരവ് വിവാദമായപ്പോൾ സർക്കാർ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടി നൽകിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ കത്തിന്റെ പകർപ്പും പുറത്തുവന്നിരുന്നു. തമിഴ്നാടുമായി സെപ്തംബർ 17-ന് നടന്ന യോഗത്തിൽ മരം മുറിക്കാൻ ധാരണയായതായാണ് അദ്ദേഹം പറയുന്നത്. വിശദമായ ചർച്ചകൾക്ക് ശേഷം നടപടിക്രമങ്ങൾ പാലിച്ചാണ് ഉത്തരവിറക്കിയതെന്നും അദ്ദേഹം വിശദമാക്കുന്നു.