യൂറോപ്പിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു; കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഏഴു ശതമാനം വർധനവ്

covid

ലണ്ടൻ: യൂറോപ്പിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. മരണനിരക്കും ഉയർന്നു കൊണ്ടിരിക്കുകയാണ്. പ്രതിദിന കോവിഡ് കേസുകളും കോവിഡ് മരണവും തുടർച്ചയായി വർധിക്കുന്ന ഏക മേഖലയും യൂറോപ്പാണ്. അമേരിക്ക, റഷ്യ, ബ്രസീൽ, തുർക്കി, ജർമനി എന്നീ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവുമധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് യൂറോപ്പിൽ പുതിയ കേസുകൾ ഏഴ് ശതമാനമാണ് വർധിച്ചത്. മേഖലയിലെ താരതമ്യേന കുറഞ്ഞ വാക്സിനേഷൻ നിരക്കും വാക്സിൻ വിതരണത്തിലെ ക്രമക്കേടുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേഖലയുടെ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗെ വ്യക്തമാക്കി.

മധ്യ ഏഷ്യയിലെ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ വരെയുള്ള മേഖലയിൽ ഏകദേശം 18 ലക്ഷം പുതിയ പ്രതിവാര കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ വിഭാഗം വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയേക്കാൾ ആറ് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജർമനിയിലും പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 50,196 പുതിയ കോവിഡ് കേസുകളാണ് ജർമ്മനിയിൽ റിപ്പോർട്ട് ചെയ്തത്. ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന നിരക്കാണിത്. ജർമ്മനിയിൽ കോവിഡ് വാക്‌സിൻ വിതരണം മന്ദഗതിയിലാണ്. രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങൾ മാത്രമാണ് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്.