സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സി എ ജി റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സി എ ജി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനം സാമ്പത്തികമായി മുന്നേറുന്നതിനു വേണ്ടി നിശ്ചയിച്ച ലക്ഷ്യങ്ങൾ ഒന്നും തന്നെ കൈവരിച്ചില്ലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

മുൻ വർഷത്തേക്കാൾ 1.02 ശതമാനമാണ് സംസ്ഥാനത്തിന്റെ കടം വർദ്ധിച്ചത്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 21 ശതമാനവും നിലവിൽ ഉപയോഗിക്കുന്നത് വായ്പാ തിരിച്ചടവിന് വേണ്ടിയാണ്. കിഫ്ബി വായ്പകൾ ആകസ്മിക വായ്പകളാണെന്ന സർക്കാർ വാദം അംഗീകരിക്കാനാകില്ലെന്നും ഇവ ബജറ്റ് ഇതര വായ്പകളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കിഫ്ബി നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ നികുതി വരുമാനങ്ങളായ മോട്ടോർ വാഹന നികുതി വരുമാനം പെട്രോളിയം നികുതി വരുമാനം എന്നിവയിൽ നിന്നുമാണ് കിഫ്ബി വായ്പകളുടെ തിരിച്ചടവ് വരുന്നത്. അതു കൊണ്ട് ഇതിനെ ആകസ്മിക വായ്പകളായി കണക്കാക്കണം. കൂടാതെ കിഫ്ബിയുടെ പ്രസ്താവനകളും രേഖകളും നിയമസഭയിൽ അവതരിപ്പിക്കുന്നതാണ്. അതിനാൽ തന്നെ ഈ വായ്പകൾക്ക് നിയമസഭയുടെ അംഗീകാരം ഉണ്ടെന്ന വാദമാണ് സർക്കാർ ഉയർത്തിയിരുന്നത്. എന്നാൽ ഈ വാദങ്ങളെല്ലാം സിഎജി റിപ്പോർട്ടിൽ പൂർണ്ണമായും തള്ളിയിട്ടുണ്ട്.