General (Page 1,329)

തിരുവനന്തപുരം: പ്രൊഫഷണൽ മാജിക്ക് ഷോ അവസാനിപ്പിക്കുന്നുവെന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാട്. നാലര പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ മാജിക് ജീവിതത്തിനാണ് ഇതോടെ വിരാമമമാകുന്നത്. ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഉണ്ടാവില്ലെന്ന് അദ്ദേഹം പ്രമുഖ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് ഇനി ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

ഒരു മാജിക് ഷോ അതിന്റെ പൂർണതയിലേക്ക് എത്തിക്കാൻ നീണ്ട ഗവേഷണവും പരിശ്രമവും ആവശ്യമാണ്. ഇപ്പോൾ താൻ പ്രവർത്തിക്കുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയാണ്. രണ്ടും കൂടി നടക്കില്ല. പ്രൊഫഷണൽ ഷോകൾ ഇനി നടത്തില്ല. ഒരുപാട് കാലം അവിടവിടയായി പോയി പണം വാങ്ങി ഷോ ചെയ്തിരുന്നു. ഇനി അത് പൂർണമായി നിർത്തുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സർവകലാശാല സ്ഥാപിക്കണം എന്നാണ് തന്റെ സ്വപ്‌നമെന്നും അവർക്ക് വേണ്ടി സ്‌പോർട്‌സ് കോംപ്ലക്‌സ്, സ്‌കിൽ സെന്റർ തുടങ്ങിയവയൊക്കെ രൂപീകരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫഷണൽ മാജിക് ഷോയേക്കാൾ ജീവിതത്തിന് അർത്ഥം തോന്നുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജീവിക്കുമ്പോഴാണ്. കേരളത്തിൽ ഭിന്നശേഷിക്കാരായ മൂന്ന് ലക്ഷം കുട്ടികളുണ്ട്. 100 ഓളം പേരാണ് ഇവിടെയുള്ളത്. സ്വപ്നം കാണാൻ പറ്റാത്ത അവർക്ക് വേണ്ടി നമ്മൾ സ്വപ്നം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപി മാരുടെ യോഗത്തിൽ കേന്ദ്ര സർക്കാർ നൽകുന്ന എയിംസ് കാസർകോട് ജില്ലയ്ക്ക് അനുവദിക്കണമെന്ന് ആവശ്യം താൻ മുന്നോട്ട് വെച്ചതായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഒരു കാരണവശാലും കാസർകോട് ജില്ലയ്ക്ക് എയിംസ് അനുവദിക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായമാണോ ജില്ലയിലെ ഇടത് എംഎൽഎമാരുടേതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ചോദിക്കുന്നു.

കാസർകോട് ജില്ലയ്ക്ക് എയിംസ് അനുവദിക്കാൻ ആവശ്യമായ ശക്തമായ ഇടപെടൽ തുടരുക തന്നെ ചെയ്യുമെന്നും ആരോഗ്യരംഗത്ത് മുഖ്യമന്ത്രിയുടെ കാസർഗോഡ് ജില്ലയോടുള്ള സമീപനം നിരാശാജനകവും പ്രതിഷേധാർഹമാണെന്നും അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മുൻ എം പി യും, ജില്ലയിലെ അഞ്ച് എംഎൽഎമാരും കാസർഗോഡ് എയിംസ് കൊണ്ടുവരണമെന്ന് നിലപാട് ഉള്ളവരായിരുന്നു, അതിൽനിന്ന് ഭരണപക്ഷ എംഎൽഎമാർ പിന്നോട്ടു പോയിട്ടുണ്ടോ എന്ന് കാസർകോട്ട്കാർ സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വിളിച്ചുചേർത്ത എംപി മാരുടെ യോഗത്തിൽ കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസർഗോഡ് ജില്ലയ്ക്ക് നൽകാനാവശ്യമായ പ്രൊപ്പോസൽ നൽകണമെന്ന് കാസറഗോഡ് എംപി എന്ന നിലയിൽ ഞാൻ ആവശ്യപ്പെട്ടു. എന്നാൽ ഒരു കാരണവശാലും കാസർകോട് ജില്ലക്ക് എയിംസ് അനുവദിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇത് ശക്തമായ വാദപ്രതിവാദങ്ങൾക്ക് വഴിവെക്കുകയുണ്ടായി . പ്രസ്തുത വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ആണോ കാസർകോട് ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഇടത് എംഎൽഎമാരുടെയും എന്ന് അറിയാൻ താല്പര്യമുണ്ട്.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മുൻ എം പി യും, ജില്ലയിലെ അഞ്ച് എംഎൽഎമാരും കാസർഗോഡ് എയിംസ് കൊണ്ടുവരണമെന്ന് നിലപാട് ഉള്ളവരായിരുന്നു, അതിൽനിന്ന് ഭരണപക്ഷ എംഎൽഎമാർ പിന്നോട്ടു പോയിട്ടുണ്ടോ എന്ന് കാസർകോട്ട്കാർ സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

കാസർകോട് ജില്ലയ്ക്ക് എയിംസ് അനുവദിക്കാൻ ആവശ്യമായ ശക്തമായ ഇടപെടൽ തുടരുക തന്നെ ചെയ്യും . ആരോഗ്യരംഗത്ത്
മുഖ്യമന്ത്രിയുടെ കാസർഗോഡ് ജില്ല യോടുള്ള സമീപനം നിരാശാജനകം ആണ്, പ്രതിഷേധാർഹമാണ് .

കുമ്പള റെയിൽവെ സ്റ്റേഷൻ വികസിപ്പിച്ച് ടെർമിനൽ സ്റ്റേഷൻ ആക്കാനുള്ള പ്രൊപ്പോസൽ പരിഗണിക്കാമെന്ന് മുഖ്യ മന്ത്രി യോഗത്തിൽ ഉറപ്പു നൽകി നിലവിൽ കുമ്പള റെയിൽവെസ്റ്റേഷനിൽ 30 ഏക്കറിൽ കൂടുതൽ സ്ഥലം റെയിൽവെയുടെ കയ്യിൽ ഉണ്ട്. അതുപോലെ ദേശീയപാതയുടെ തൊട്ടടുത്ത സ്ഥലവും പരിഗണിച്ചാൽ എന്ത് കൊണ്ടും സാറ്റലൈറ്റ് ഹബ്ബാക്കാൻ അനുയോജ്യമാണ്.

കുമ്പള റെയിൽവെ സ്റ്റേഷൻ എന്ന് യോഗത്തിൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

പ്രാഥമിക സർവ്വേയ്ക്ക് ശേഷം മുന്നോട്ടു പോകാത്ത കാഞ്ഞങ്ങാട് -കാണിയൂർ പാത കെ.ആർ.ഡി.സി.എല്ലും (കേരളം റെയിൽ ഡവലപ്പ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് ), കേരള സർക്കാർ, ദക്ഷിണ റയിൽവെ , കേന്ദ്ര റെയിൽവേ വകുപ്പുമായി ബന്ധപെട്ടു തുടർനടപടികൾ സ്വീകരിക്കുന്ന മുറക്ക് കേരളവും കർണാടകവും യോജിച്ചു പദ്ധതി നടപ്പിലാക്കുമ്പോൾ കേരളത്തിന്റെ വിഹിതം സംസ്ഥാന സർക്കാർ വഹിക്കുമെന്നും ആയതിനാൽ പദ്ധതിയുമായി ധൈര്യമായി മുന്നോട്ടു പോകാമെന്നും മുഖ്യ മന്ത്രി എനിക്ക് യോഗത്തിൽ വെച്ച് ഉറപ്പു നൽകി.

കാഞ്ഞങ്ങാട് -കാണിയൂർ റെയിൽ പാത പദ്ധതിയുടെ മുന്നോട്ട് പോക്കിന് മുഖ്യമന്ത്രിയുടെ പ്രസ്തുത വിഷയത്തിലെ നിലപാട് ഗുണകരമാണ് .

.എൻഡോസാൾഫാൻ ദുരിത ബാധിതരുടെ കാര്യം പെൻഷൻ പോലും മുടക്കി സർക്കാരുകൾ അവരെ ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ആയതിനാൽ അടിയന്തിരമായി ഒരു സെല്ല് ചെയർമാനെ ഉടനടി നിയമിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഉടനടി ചെയ്യാം എന്ന് ഉറപ്പു നൽകി.

പ്രവാസികളെ കേരളത്തിലെ എയർ പോർട്ട്കളിൽ RTPCR ടെസ്റ്റ് ന്റെ പേരിൽ പാവങ്ങളായ പ്രവാസികളെ കൊള്ളയടിക്കുകയാണ്, ലോക്കൽ rtpcr ടെസ്റ്റ് ചെയ്ത് പോയാലും വീണ്ടും പുറത്ത് 500 രൂപ ചിലവിൽ ചെയ്യുന്ന rtpcr ന് 2500 രൂപ വാങ്ങിക്കൊണ്ട് rtpcr ടെസ്റ്റ് ചെയ്യപ്പെടുന്നു. ഇത് മൂലം കേന്ദ്ര സർക്കാർ പ്രവാസികളെ ബുദ്ദിമുട്ടിക്കുകയാണ്,കൊള്ളയടിക്കുകയാണ് അതിനു അടിയന്തിരമായി പരിഹാരം ഉണ്ടാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു .സംസ്ഥാന സർക്കാർ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരും അതെ സമയം ഈ നില തുടരുകയാണെങ്കിൽ എംപി എന്ന നിലക്ക് വിഷയം പാലമെന്റിൽ അടക്കം അവതരിപ്പിക്കും.

ആയുഷ്- കരിന്തളത്ത് യോഗ ആൻഡ് നാച്ചുറോപ്പതി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിന് 2018-ൽ പാട്ടത്തിന് നൽകിയ ഭൂമിയിൽ ഇതുവരെയായി കൂടുതൽ നടപടിയില്ല. പ്രസ്തുത വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ പാർലമെന്റിൽ തന്റെ ശ്രമം തുടരുമെന്നും, മുഖ്യമന്ത്രിയും ഇടപെടൽ നടത്തണം എന്നും ആവശ്യപ്പെട്ടു.

തിരുവനന്തപുരം: യാത്രാവേളയിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുവാൻ ആവിഷ്‌കരിച്ച ‘നിർഭയ’ പദ്ധതി ഉടൻ നടപ്പിലാക്കും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

എല്ലാ പൊതു ഗതാഗത വാഹനങ്ങളിലും ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റവും എമർജൻസി ബട്ടനും സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണത്തിലാക്കി രാത്രികാലങ്ങളിൽ ഉൾപ്പെടെയുള്ള യാത്രയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ലക്ഷ്യംവെച്ചുള്ള പദ്ധതിയാണിത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരളത്തിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും യാത്രാ സുരക്ഷിതത്വത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി വേഗം ആരംഭിക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയെന്ന് ആന്റണി രാജു അറിയിച്ചു.

ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ ഐഎഎസ്, ട്രാൻസ്‌പോർട്ട് കമ്മീഷണർ എം. ആർ. അജിത് കുമാർ ഐപിഎസ്, സി-ഡാക്കിലെയും ഗതാഗത വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ദുബായ്: ആറാഴ്ച്ചകൾക്കുള്ളിൽ ദുബായ് എക്സ്പോ 2020 വേദിയിൽ സന്ദർശനം നടത്തിയത് 3.5 ദശലക്ഷത്തിലധികം പേർ. ഒക്ടോബർ 1 മുതൽ ആറ് ആഴ്ച്ചക്കുള്ളിൽ എക്സ്പോ വേദിയിൽ 3,578,653 ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായാണ് എക്സ്പോ അധികൃതർ അറിയിക്കുന്നത്.

കൊറിയൻ പോപ് ഗായകരുടെയും ലെബനീസ് സൂപ്പർ താരങ്ങളായ നാൻസി അജ്റാമിന്റെയും റാഗിബ് അലാമയുടെയും പ്രകടനങ്ങളുമാണ് കഴിഞ്ഞ ആഴ്ചയിൽ എക്സ്പോയിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിപ്പിച്ചത്. ടിക്കറ്റിന്റെ വില പകുതിയായി കുറച്ച നവംബറിലെ ഓഫർ നിരവധി പേർ പ്രയോജനപ്പെടുത്തുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഓഫർ ലഭ്യമാകുന്ന ഈ ടിക്കറ്റിന്റെ വില 45 ദിർഹമാണ്. ശനി, ഞായർ ദിവസങ്ങളിൽ 95 ദിർഹമാണ് എക്‌സ്‌പോയിലെ ടിക്കറ്റ് നിരക്ക്.

അതേസമയം ഒക്ടോബർ 1 മുതൽ വെർച്വൽ സന്ദർശകരുടെ എണ്ണം 15.7 ദശലക്ഷമായി ഉയർന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് മുൻ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവർ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്നാണ് കത്തിൽ ദേവകി അന്തർജനം വ്യക്തമാക്കുന്നത്. 2020 ജനുവരിയിൽ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ ശബരിമല കേസിൽ വാദം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും കേസിലെ വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്നുമാണ് കത്തിൽ പറയുന്നത്.

തനിക്ക് 87 വയസ്സായി. വിധി കേൾക്കുവാൻ വേണ്ടി താൻ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. എന്നാൽ ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കർമ്മമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശബരിമല പ്രക്ഷോഭ സമയത്ത് പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഫോട്ടോയും ദേവകി അന്തർജനം കത്തിനൊപ്പം ചേർത്തിട്ടുണ്ട്.

തിരുവനന്തപരം: കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ പ്രവേശന വിഷയത്തിൽ മേൽനോട്ട സമിതിക്ക് സ്വമേധയാ നടപടി സ്വീകരിക്കാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കി സുപ്രീംകോടതി. പ്രവേശന മേൽനോട്ട സമിതിയുടെ അധികാരം ശരിവച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ് ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. മേൽനോട്ട സമിതിയുടെ അധികാരം ചോദ്യംചെയ്ത കരുണാ മെഡിക്കൽ കോളേജിന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിധി.

കരുണാ മെഡിക്കൽ കോളേജിലും കണ്ണൂർ മെഡിക്കൽ കോളേജിലും 2015-2016 ൽ പ്രവേശനം നേടി പഠനം പൂർത്തിയാക്കിയവർക്ക് പരിശോധനയ്ക്കു ശേഷം എംബിബിഎസ് സർട്ടിഫിക്കറ്റും രജിസ്ട്രേഷൻ നൽകാനും കോടതി നിർദ്ദേശം നൽകി. നൽകാൻ കോടതി നിർദേശിച്ചു. കോഴ്സും ഇന്റേൺഷിപ്പും പൂർത്തിയാക്കിയവർക്ക് നാലാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റും രജിസ്ട്രേഷനും അനുവദിക്കണമെന്ന നിർദ്ദേശവും കോടതി നൽകി.

സ്വാശ്രയകോളേജുകളെ നിയന്ത്രിക്കാനുള്ള നിയമങ്ങൾ സമിതിയുടെ അധികാരം നിയന്ത്രിക്കുന്നതല്ലെന്ന ഹൈക്കോടതി കണ്ടെത്തൽ ശരിയാണെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തൽ.

ന്യൂഡൽഹി: സിഎജിയുടെ സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ സർക്കാരിന്റെ കള്ളക്കളികൾ പുറത്ത് കൊണ്ടുവന്നത് സിഎജിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഓഡിറ്റിനെ ഭയപ്പാടോടെ കണ്ടിരുന്ന കാലം മാറിയെന്നും രാജ്യത്തിന്റെ പുരോഗതിയിൽ സിഎജി നിർണ്ണായക പങ്കുവഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രഥമ ഓഡിറ്റ് ദിനത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഭരണസംവിധാനത്തിൽ സിഎജി അഭിവാജ്യഘടകമാണ്. രാജ്യത്തിന്റെ ഉൽപാദന ക്ഷമത കൂട്ടുന്നതിൽ സിഎജിയുടെ പങ്ക് വളരെ വലുതാണ്. മുൻ സർക്കാരുകളും സിഎജിയും തമ്മിൽ വലിയ വടംവലി നടന്നുവെന്ന വിമർശനവുംഅദ്ദേഹം ഉന്നയിച്ചു. സിഎജി ഒരു ഫയൽ ആവശ്യപ്പെട്ടാൽ അത് നൽകാൻ ഉദ്യോഗസ്ഥർ ബാധ്യതസ്ഥരാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഓഡിറ്റിനെ ഭയത്തോടെയാണ് ഉദ്യോഗസ്ഥർ കണ്ടിരുന്നത്. യുപിഎ സർക്കാരിന്റെ കാലത്തെ കള്ളക്കളികൾ പുറത്ത് കൊണ്ടുവന്നത് സിഎജിയാണ്. ഇപ്പോൾ ആധുനികവൽക്കരണത്തിന്റെ കാലത്താണ് സിഎജിയെന്നും ഓഡിറ്റിൽ സർക്കാർ ഇടപെടലുകൾ കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സിഎജിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതായുള്ള ആരോപണം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് പ്രധാനമന്ത്രി സിഎജി സേവനങ്ങളെ പ്രശംസിച്ചു കൊണ്ടുള്ള പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.

തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയിൽ നടക്കും. ഫെബ്രുവരി നാല് മുതൽ 11 വരെ തിരുവനന്തപുരത്ത് വച്ചാണ് മേള നടക്കുക. നിശാഗന്ധി ഓഡിറ്റോറിയത്തിൽ 2022 ഫെബ്രുവരി നാലിന് വൈകിട്ട് 6 മണിക്ക് മേളയുടെ ഉദ്ഘാടനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

2021 ഡിസംബറിലാണ് ചലച്ചിത്ര മേള നടക്കാനിരുന്നത്. ഇതാണ് 2022 ഫെബ്രുവരിയിലേക്ക് നീട്ടിവെച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഐഎഫ്എഫ്കെയുടെ വിവരങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26 -ാമത് രാജ്യാന്തര ചലച്ചിത്രമേളയും 13 -ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയും തിരുവനന്തപുരത്ത് നടക്കും.

കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ 26 -ാമത് എഡിഷൻ 2022 ഫെബ്രുവരി 4 മുതൽ 11 വരെയാണ് നടക്കുക. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ 2022 ഫെബ്രുവരി 4 ന് വൈകീട്ട് 6 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവഹിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽപ്പോലും IFFK മുടക്കമില്ലാതെ നടത്താൻ നമുക്ക് കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തെ പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസം നീണ്ടു നിൽക്കുന്ന IFFKയുടെ 26 -ാം പതിപ്പ് രാജ്യാന്തര ചലച്ചിത്രമേളയുടെ എല്ലാ പ്രൗഢിയോടെയും നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈ മാസം നടത്താൻ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2021 ഡിസംബർ 9 മുതൽ 14 വരെ തിരുവനന്തപുരം ഏരീസ് പ്‌ളക്‌സ് എസ് എൽ തിയേറ്റർ കോംപ്‌ളക്‌സിലെ നാല് സ്‌ക്രീനുകളിൽ നടക്കും. മേളയുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിലെ ഓഡി 1ൽ ഡിസംബർ 9 ന് നിർവഹിക്കും. സർക്കാർ നിർദേശങ്ങൾക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും മേളകൾ സംഘടിപ്പിക്കുക.

പത്തനംതിട്ട: ശബരിമലയിൽ പുതിയ വിവാദം. ശബരിമലയിൽ അരവണ പ്രസാദത്തിനും അപ്പം നിർമ്മാണത്തിനും ഉപയോഗിക്കുന്നതിനായി ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകൾ എത്തിച്ചതാണ് പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനികളിൽ നിന്നാണ് ദേവസ്വം ബോർഡ് ശബരിമലയിലേക്ക് ശർക്കര വാങ്ങുന്നത്. ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകളാണ് പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്നത്. പുളിപ്പ് ബാധിച്ച് ഉപയോഗശൂന്യമായ ശർക്കര ശബരിമലയിലെ ഗോഡൗണിൽ നിന്നും തിരിച്ചെടുത്തപ്പോഴാണ് ചാക്കിൽ ഹലാലെന്ന് ഇംഗ്ലീഷിൻ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടതെന്നാണ് വിവരം.

സ്വകാര്യ കമ്പനിക്കാണ് ശബരിമലയിൽ ശർക്കര എത്തിക്കുന്നതിനുള്ള ടെൻഡർ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം കരാർ ഏറ്റെടുത്തിരുന്ന അതേ സ്വകാര്യ കമ്പനി തന്നെയാണ് ഈ വർഷവും ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഉപയോഗിക്കാതെ ബാക്കി വന്ന ഹലാൽ മുദ്ര പതിപ്പിച്ച പഴകിയ ശർക്കര ദേവസ്വം ബോർഡ് ലേലത്തിലൂടെ മറിച്ച് വിറ്റെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ശബരിമലയിലെ അപ്പം-അരവണ പ്രസാദത്തിൽ ഹലാൽ ശർക്കര ഉപയോഗിച്ച ദേവസ്വം നടപടിക്കെതിരെ വിമർശനവമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി. ഹലാൽ ഉത്പന്നങ്ങൾ ഉപയോഗിച്ച് പ്രസാദം നിർമ്മിക്കുന്നത് ഭക്തരോടും ദേവനോടുമുള്ള വെല്ലുവിളിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചർ പറഞ്ഞു.

അതേസമയം ഹലാൽ എന്ന് പേരുള്ള ശർക്കര ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്രയിലെ വർധമാൻ ഗ്രൂപ്പാണ് ശർക്കരപ്പൊടി ഇറക്കിയത്. അവരുടെ കാലാവധി അവസാനിച്ചുവെന്നും നിലവിൽ എസ് പി ഷുഗർ എന്ന കമ്പിനിയാണ് ശർക്കരപ്പൊടി ഇറക്കുന്നതെന്നും ദേവസ്വം അധികൃതർ വിശദമാക്കി.

ന്യൂഡൽഹി: വ്യോമ പ്രതിരോധ രംഗത്ത് കരുത്ത് വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ. വിദേശി – സ്വദേശി മിസൈലുകളുടെ സംഗമത്തിലൂടെ വ്യോമ രംഗത്ത് കരുത്ത് വർധിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. റഷ്യൻ നിർമ്മിത എസ് 400 ട്രയംഫ് മിസൈലുകളും പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിക്കുന്ന മിസൈൽവേധ സംവിധാനം (ശത്രുവിന്റെ മിസൈലുകൾ തകർക്കുന്ന ഇന്റർസെപ്റ്റർ മിസൈൽ) തുടങ്ങിയവ വൈകാതെ സേനയുടെ ഭാഗമാകുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

‘പ്രോഗ്രാം എഡി’ എന്ന കോഡ് നാമമുള്ള ഡിആർഡിഒ പദ്ധതിയിലൂടെ ദീർഘഹ്രസ്വദൂര മിസൈൽ പ്രതിരോധ സംവിധാനവും വികസിപ്പിക്കും. പൃഥ്വി എയർ ഡിഫൻസ്, അഡ്വാൻഡ്സ് എയർ ഡിഫൻസ് എന്നിവയുൾപ്പെട്ട എഡി മിസൈലുകൾ ഡൽഹി, മുംബൈ എന്നീ വൻ നഗരങ്ങൾക്ക് വ്യോമപ്രതിരോധം ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യയിൽ നിന്നും ലഭിക്കുന്ന അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് മിസൈലുകളും ഇന്ത്യ സജ്ജമാക്കും. ഈ മിസൈലുകൾ പടിഞ്ഞാറൻ അതിർത്തിയിലായിരിക്കും വിന്യസിക്കുക. പിന്നീട് വടക്ക്, കിഴക്ക് അതിർത്തി മേഖലകളിലും ഈ മിസൈലുകൾ സജ്ജമാക്കും. എസ് 400 ട്രയംഫ് മിസൈലുകൾ 40,000 കോടി രൂപയ്ക്ക് 5 യൂണിറ്റുകളാണ് വാങ്ങുന്നത്. ദക്ഷിണേഷ്യൻ മേഖലയിൽ അവഗണിക്കാൻ പറ്റാത്ത സൈനിക ശക്തിയായി ഇന്ത്യയെ മാറ്റുന്നതിൽ എസ് 400 നിർണായക പങ്കു വഹിക്കുമെന്നാണ് വിലയിരുത്തൽ.

പാകിസ്താൻ, ചൈന അതിർത്തികളിൽ ആകാശമാർഗമുള്ള ഏത് ആക്രമണത്തെയും നേരിടാനുള്ള കഴിവ് മിസൈലിനുണ്ട്.