കൊല്ലം: കോവിഡ് വ്യാപനത്തിന്റെ സമയത്ത് ചൈനയിൽ നിന്നും കേരളത്തിലേക്ക് മടങ്ങി എത്തിയ മലയാളി എം.ബി.ബി.എസ് വിദ്യാർത്ഥികൾ തിരികെ പോകാൻ അനുമതി ലഭിക്കാതെ പ്രതിസന്ധിയിൽ. ചൈനയിലേക്ക് മടങ്ങി പോകാൻ സംസ്ഥാന സർക്കാരിനെയും വിദേശകാര്യ മന്ത്രാലയത്തെയും സമീപിച്ചിട്ടും ഇതുവരെ അനൂകൂല നടപടി ലഭിച്ചിട്ടില്ല.
കുറഞ്ഞ ചെലവിൽ എം.ബി.ബി.എസ് നേടാനാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ചൈനയിലെത്തുന്നത്. നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചിട്ടും ഇവിടത്തെ മാനേജ്‌മെന്റ് ക്വാട്ടയിൽ ഫീസ് നൽകാനുള്ള ശേഷിയില്ലാത്തതിനാൽ ചൈനയിൽ പോയി പഠിക്കുന്നവരുണ്ട്. ചൈനയിൽ എംബിബിഎസ് പഠനത്തിൽ മൂന്നാം വർഷം മുതൽ ക്ലിനിക്കൽ ക്ലാസുകൾ ആരംഭിക്കും. നാട്ടിലേക്ക് മടങ്ങിയവർക്ക് ഇപ്പോഴും ഓൺലൈൻ ക്ലാസുകൾ ലഭ്യമാകുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി ഇവർക്ക് ക്ലിനിക്കൽ ക്ലാസുകളില്ല. ഇവിടെ ക്ലിനിക്കൽ പ്രാക്ടീസിന് അനുമതി തേടിയെങ്കിലും ലഭിച്ചില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
അതേസമയം കോഴ്‌സ് പൂർത്തിയാക്കിയവർക്ക് രണ്ടു വർഷത്തിനിടെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തിട്ടില്ല. മറ്റുള്ളവർക്ക് ഇനി ചൈനയിൽ പോയി ക്ലിനിക്കൽ ക്ലാസുകളിൽ പങ്കെടുത്ത് പ്രാക്ടിക്കൽ പരീക്ഷ വിജയിച്ചാലേ എം.ബി.ബി.എസ് പാസാകാൻ കഴിയൂ. അഞ്ചു വർഷം കൊണ്ട് കോഴ്‌സ് പൂർത്തിയാക്കേണ്ടവർക്ക് ഇപ്പോൾത്തന്നെ ഏഴു വർഷം നഷ്ടമായിട്ടുണ്ട്.
ഭൂരിഭാഗം വിദ്യാർത്ഥികളും വിദ്യാഭ്യാസ ലോണെടുത്താണ് പഠനത്തിനായി ചൈനയിലേക്ക് പോയത്. ആറാം വർഷം മുതൽ തിരിച്ചടവ് തുടങ്ങണമെന്നതാണ് വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളി. 2500 ഓളം മലയാളി വിദ്യാർത്ഥികളാണ് ചൈനയിൽ മെഡിസിന് പഠിക്കുന്നത്. അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ ഫീസ് 20 ലക്ഷം മുതലാണ്. മികച്ച കോളേജുകളിൽ പരമാവധി 40 ലക്ഷം വരെ ചെലവാകാറുണ്ട്. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കുന്നവർക്ക് നാഷണൽ മെഡിക്കൽ കമ്മിഷൻ നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്‌സ് പരീക്ഷ വിജയിച്ച ശേഷം ഒരു വർഷത്തെ ഹൗസ് സർജൻസിയും പൂർത്തിയാക്കിയാലെ രാജ്യത്ത് മെഡിക്കൽ പ്രാക്ടീസ് നടത്താൻ കഴിയൂ.

