ഇനി രാത്രിയിലും പോസ്റ്റുമോർട്ടം നടത്താം; സൂര്യാസ്തമനത്തിന് ശേഷം പോസ്റ്റുമോർട്ടം പാടില്ലെന്ന വ്യവസ്ഥ കേന്ദ്ര സർക്കാർ ഒഴിവാക്കി

ന്യൂഡൽഹി: ഇനി രാത്രിയിലും പോസ്റ്റുമോർട്ടം നടത്താം. സൂര്യാസ്തമനത്തിന് ശേഷം പോസ്റ്റുമോർട്ടം പാടില്ലെന്ന വ്യവസ്ഥ കേന്ദ്ര സർക്കാർ ഒഴിവാക്കി. മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ രാത്രിയിൽ പോസ്റ്റ്‌മോർട്ടം അനുവദിക്കുന്നതിനായി ഇത് സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റ്‌മോർട്ടം പാടില്ലെന്ന ബ്രിട്ടീഷ് കാലത്തെ നിയമത്തിനാണ് ഇതോടെ മാറ്റമുണ്ടാകുന്നത്.

വിഷയത്തിൽ സർക്കാരിന് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. വെളിച്ചത്തിന്റെ ലഭ്യതക്കുറവും തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു രാത്രി പോസ്റ്റുമോർട്ടം നടത്താൻ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. അതേസമയം ഡൽഹി എയിംസ് ഉൾപ്പെടെ രാജ്യത്തെ തിരഞ്ഞെടുത്ത ചില സ്ഥാപനങ്ങളിൽ സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു.

സംശയാസ്പദ സാഹചര്യത്തിലും കൊലപാതകം, ആത്മഹത്യ, ബലാത്സംഗം എന്നീ കേസുകളിലും മൃതശരീരങ്ങൾ ജീർണിച്ച അവസ്ഥയിലും ക്രമസമാധാന പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ സൂര്യാസ്തമയത്തിനുശേഷം പോസ്റ്റ്‌മോർട്ടം നടത്തരുതെന്നും പുതുക്കിയ വ്യവസ്ഥയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിയുടെ ഫിറ്റ്നസും അടിസ്ഥാന സൗകര്യങ്ങളും ആശുപത്രിയുടെ ചുമതലയുള്ളയാൾ വിലയിരുത്തി തെളിവുകൾ നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഭാവിയിൽ സംശയങ്ങൾ ഒഴിവാക്കാൻ രാത്രിയിൽ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കണം. നിയമപരമായ ആവശ്യങ്ങൾക്കായി ഇത് സൂക്ഷിക്കുകയും ചെയ്യണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

മരണപ്പെട്ടയാളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനും അവയവദാനത്തെയും മാറ്റിവയ്ക്കലിനെ പ്രോത്സാഹിപ്പിക്കാനും പുതിയ തീരുമാനം സഹായിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.