കെപിസിസി പുനഃസംഘടന നിർത്തിവെപ്പിക്കാൻ സമ്മർദവുമായി ഉമ്മൻചാണ്ടി; സോണിയാ ഗാന്ധിയുമായി ചർച്ച നടത്തും

ന്യൂഡൽഹി: കെ.പി.സി.സി. പുനഃസംഘടന നിർത്തിവെപ്പിക്കാൻ വേണ്ടി ഉമ്മൻ ചാണ്ടി സമ്മർദ തന്ത്രം പയറ്റുന്നതായി റിപ്പോർട്ട്. ബുധനാഴ്ച്ച ഉമ്മൻ ചാണ്ടി സോണിയാ ഗാന്ധിയുമായി ചർച്ച നടത്തും. എ.ഐ.സി.സി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിപുലമായ പുനഃസംഘടന ഒഴിവാക്കണമെന്ന് ഉമ്മൻ ചാണ്ടി സോണിയാഗാന്ധിയോട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

വിപുലമായ കെ.പി.സി.സി. പുനഃസംഘടന പാടില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. നവംബർ രണ്ടിന് ചേർന്ന കെ.പി.സി.സി. നേതൃയോഗത്തിൽ നേതാക്കൾ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പല മുതിർന്ന നേതാക്കളും സംഘടനാ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകരുതെന്ന നിർദേശം മുന്നോട്ട് വെച്ചിരുന്നെങ്കിലും കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ ഇത് തള്ളിയിരുന്നു. ഭൂരിഭാഗം ഡി.സി.സികളും പുനഃസംഘടനയുമായി മുന്നോട്ടു പോകാൻ അനുകൂലമായിരുന്നുവെന്നാണ് സുധാകരൻ പറഞ്ഞത്. എന്നാൽ എ, ഐ ഗ്രൂപ്പുകൾ സുധാകരന്റെ നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയുടെ ഡൽഹി സന്ദർശനമെന്നാണ് വിവരം.

എ.ഐ.സി.സി. ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ കെ.പി.സി.സി. പുനഃസംഘടന വിപുലമായ തരത്തിൽ പാടില്ലെന്ന നിർദ്ദേശം ഉമ്മൻചാണ്ടി മുന്നോട്ടുവെക്കും. മാർച്ച് വരെയാണ് മെമ്പർഷിപ്പ് ക്യാമ്പയിനുകൾ നടക്കുക. സ്വാഭാവികമായും എ.ഐ.സി.സി. തലത്തിലേക്ക് തിരഞ്ഞെടുപ്പിന് പോകേണ്ടതുണ്ട്. കെ.പി.സി.സി. അധ്യക്ഷനെ ഉൾപ്പെടെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് എ.ഐ.സി.സി. നിർദേശിച്ചിരിക്കുന്നത്. അതിനാൽ നിലവിലെ പുനഃസംഘടന നിർത്തിവെക്കണമെന്ന് ഉമ്മൻ ചാണ്ടി സോണിയാ ഗാന്ധിയോട് ആവശ്യപ്പെടുമെന്നാണ് സൂചന.

കെ.പി.സി.സി. സെക്രട്ടറിമാരെ തീരുമാനിക്കാനുള്ള ചർച്ചകൾ തടയണമെന്ന ആവശ്യവും ഉമ്മൻ ചാണ്ടി മുന്നോട്ടുവെക്കും. കുറച്ചുനാൾ മുൻപ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് വിഷയത്തിൽ ഏതെങ്കിലും വിധത്തിലുള്ള നിർദേശമോ അറിയിപ്പോ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.