തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിന്റെ താൽപ്പര്യങ്ങൾ തമിഴ്‌നാടിന് അടിയറവ് വച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നീണ്ട മൗനംപാലിക്കുന്നത് കേരളത്തോട് കാട്ടിയ കൊടിയ വഞ്ചനയെ ന്യായീകരിക്കാൻ ഒരു വഴിയും കാണാത്തതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന കേരളത്തിലെ നാല് ജില്ലകളിലെ ജനങ്ങളോടും കേരളീയ സമൂഹത്തോടും മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടിയ കൊടിയ വഞ്ചനയുടെ ചുരുളാണ് ദിവസേന നിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള അനുമതി നൽകാൻ സെപ്റ്റംബർ 17-നു ചേർന്ന സെക്രട്ടറിതല യോഗത്തിൽ തീരുമാനം എടുക്കുകയും അക്കാര്യം ഒക്ടോബർ 27-ന് കേരളത്തിന്റെ സ്റ്റാൻഡിംഗ് കൗൺസിൽ ജി പ്രകാശ് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. മരംമുരി വേഗത്തിലാക്കാൻ വനം പ്രിൻസിപ്പൽ സെക്രട്ടറി അയച്ച മൂന്നു കത്തുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, നവംബർ ആറിന് തമിഴ്‌നാട് മുഖ്യമന്ത്രി നന്ദി പ്രകാശിപ്പിപ്പോൾ മാത്രമാണ് കേരളം ഇക്കാര്യം അറിയുന്നതെന്നും അതുവരെ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഇതു മറച്ചുവച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ളതാണ് അന്തർ നദീജല വിഷയങ്ങൾ എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ അദ്ദേഹം അറിയാതെ ഈ വിഷയത്തിൽ ഇലപോലും അനങ്ങില്ല എന്നതാണ് വാസ്തവമെന്നും അദ്ദേഹം അറിയിച്ചു.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കാൻ വ്യക്തമായ ആസൂത്രണമാണ് തമിഴ്‌നാട് നടത്തുന്നത്. അതിന്റെ ഭാഗമാണ് ബേബിഡാം ബലപ്പെടുത്തലെന്നും തമിഴ്‌നാടുമായി ബന്ധപ്പെട്ട് പല സാമ്പത്തിക, രാഷ്ട്രീയ ആരോപണങ്ങളും ഉയർന്നുവരുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു. നിയമസഭയിൽ യുഡിഎഫ് അംഗങ്ങൾ തുടർച്ചയായി ഈ വിഷയം ഉയർത്തിയെങ്കിലും മുഖ്യമന്ത്രി വാതുറന്നില്ല. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഏറുകയാണ്. കനത്ത മഴയിൽ ജനങ്ങളുടെ ആശങ്കയും ഉയരുന്നു. സംഭവത്തിൽ സത്യം പുറത്തു വരണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

