നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് കാരണം സംഘടനാ സംവിധാനത്തിലെ പാളിച്ച; മുസ്ലീം ലീഗ് ഉപസമിതി റിപ്പോർട്ട്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകളിലുൾപ്പെടെയുണ്ടായ തോൽവിയിൽ അച്ചടക്ക നടപടിയുമായി മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് കാരണം സംഘടനാ സംവിധാനത്തിലെ പാളിച്ചയാണെന്നാണ് മുസ്ലീം ലീഗ് ഉപസമിതി റിപ്പോർട്ട്. കോഴിക്കോട് സൗത്തിലും അഴീക്കോടും ഏകോപനത്തിലെ പിഴവും വിഭാഗീയതയും തിരിച്ചടിയായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നവംബർ 27 ചേരുന്ന ഉന്നതാധികാര സമിതിയിലാണ് സംഘടനാ നടപടി പ്രഖ്യാപിക്കുന്നത്.

നാല് സിറ്റിംഗ് സീറ്റുകളിലുൾപ്പെടെ 12 നിയമസഭ മണ്ഡലങ്ങളിലെ തോൽവിയെകുറിച്ച് പഠിച്ച ശേഷമാണ് ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കോഴിക്കോട് സൗത്തിൽ ഏകോപനക്കുറവുണ്ടായതും ഒരു വിഭാഗം പ്രവർത്തകർ പ്രവർത്തിക്കാത്തതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മണ്ഡലം കമ്മിറ്റി പിരിച്ചുവിടാൻ ഉപസമിതി ശുപാർശ ചെയ്തിട്ടുണ്ട്. കുറ്റ്യാടിയിലും വിഭാഗീയതയുണ്ടായി റിപ്പോർട്ടിൽ പറയുന്നു. പാറയ്ക്കൽ അബ്ദുളള 333 വോട്ടുകൾക്കാണ് കുറ്റ്യാടിയിൽ പരാജയപ്പെട്ടത്. വേളം പഞ്ചായത്ത് കമ്മിറ്റിക്കെതിരെ നടപടി വേണമെന്നും ശുപാർശയുണ്ട്.

അഴീക്കോട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സംവിധാനം തന്നെ പാളിയെന്നും തെരഞ്ഞെടുപ്പിന് തൊട്ടുപിറകെ മണ്ഡലത്തിന്റെ ചുമതല വഹിച്ച കോൺഗ്രസ് നേതാവ് എൻസിപിയിലേക്ക് പോയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് മത്സരിച്ച താനൂരിലും സ്ഥിതി സമാനമായിരുന്നു. ഇവിടെ ബിജെപി വോട്ടുകൾ ഇടതുമുന്നണിയിലേക്ക് പോയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തിരുവമ്പാടിയിൽ ക്രിസ്ത്യൻ വോട്ടുകൾ ക്രോഡീകരിക്കാൻ പ്രവർത്തകർക്കായില്ല. വി കെ ഇബ്രാഹം കുഞ്ഞിന്റെ മകൻ മത്സരിച്ച കളമശ്ശേരിയിൽ ഒരുവിഭാഗം നേതാക്കൾ പ്രചാരണത്തിൽ നിന്നുവിട്ടു നിന്നത് തിരിച്ചടിയായെന്നും റിപ്പോർട്ടിലുണ്ട്.