ന്യൂഡൽഹി: ഗുജറാത്തിൽ റേഡിയോ ആക്ടീവ് വസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകൾ പിടികൂടി. പാകിസ്താനിൽ നിന്ന് ചൈനയിലേക്ക് കടത്തുകയായിരുന്ന റേഡിയോ ആക്ടീവ് വസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകളാണ് ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്ത് നിന്നും പിടികൂടിയത്. തുറമുഖ നടത്തിപ്പിന്റെ ചുമതലയുള്ള അദാനി പോർട്‌സ് ആൻഡ് സ്‌പെഷൽ എക്കണോമിക്ക് സോൺ ആണ് ഇക്കാര്യം അറിയിച്ചത്. കണ്ടെയ്‌നറുകൾ ഇന്ത്യയിലേക്കുള്ളതായിരുന്നില്ലെന്നും ചൈനയിലെ ഷാങ്ഹായിലേക്ക് പോകുന്നതിൽ സംശയം തോന്നിയ കസ്റ്റംസ് കൂടുതൽ പരിശോധനയ്ക്കു വേണ്ടി മുന്ദ്രാ തുറമുഖത്ത് അടുപ്പിച്ചതാണെന്നും അധികൃതർ പറഞ്ഞു.
പാകിസ്താനിൽ നിന്നുള്ള കണ്ടെയ്‌നറുകൾ അപകടകരമല്ലാത്ത ഗണത്തിൽ ഉൾപ്പെടുത്തിയാണ് ചൈനയിലേക്ക് അയച്ചതെന്നും എന്നാൽ അതിനുള്ളിലെ വസ്തുക്കൾ അപകടകരമായ ക്ലാസ് 7 വിഭാഗത്തിൽപ്പെട്ട റേഡിയോ ആക്ടീവ് വസ്തുക്കളായതിനാലാണ് തടഞ്ഞുവച്ചതെന്നും തുറമുഖ അധികൃതർ വിശദമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കണ്ടെയ്‌നറുകൾ തുറമുഖത്ത് എത്തുന്നത്. കണ്ടെയ്‌നറുകൾ പാകിസ്താനിൽ നിന്നും ചൈനയിലേക്ക് പോകുന്നവ ആയതിനാലാണ് കൂടുതൽ പരിശോധനയ്ക്കു വേണ്ടി കരയ്ക്കടുപ്പിച്ചതെന്നും അധികൃതർ പറഞ്ഞു. സുരക്ഷിതമായ വസ്തുക്കളുടെ ഗണത്തിൽപ്പെടുത്തി ആണവവസ്തുക്കൾ ചൈനയിലേക്ക് കൊണ്ടുപോയതിന്റെ പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല.

