ലഖ്‌നൗ: സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിൽ മികച്ച ഏകോപനം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡിജിപി, ഐജിപി മാരുടെ 56-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സൈബർ കുറ്റങ്ങൾ, മാവോയിസ്റ്റ് ആക്രമണങ്ങൾ എന്നിങ്ങനെ സുരക്ഷാ സംബന്ധമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
തീരദേശ സുരക്ഷ, തീവ്രവാദം, മയക്കു മരുന്ന് കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, അതിർത്തി പ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം സമ്മേളനത്തിൽ സംസാരിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് സുരക്ഷാ സേന വഹിച്ച പങ്കിനെയും അവർ നടത്തിയ ത്യാഗങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സമ്മേളനത്തിൽ ചർച്ച ചെയ്ത നിർദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ പ്രതിനിധികൾക്ക് അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തു.

