കണ്ണൂർ: റിയൽ എസ്റ്റേറ്റ് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി. റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടി തടയാനും ഉപഭോക്താക്കൾക്കും ഡെവലപ്പർമാർക്കും നിയമപരിരക്ഷ ഉറപ്പാക്കാനുമാണ് (റെറ) ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പി.എച്ച്. കുര്യൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ്അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകൾ വിപണനം ചെയ്യുന്നതും ദീർഘകാല പാട്ടത്തിന് നൽകുന്നതും പദ്ധതി ചെലവിന്റെ പത്തുശതമാനം വരെ പിഴയീടാക്കാവുന്ന കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. 500 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ ഭൂമിയിൽ എട്ടോ അതിലധികമോ പ്ലോട്ടോ, വില്ലയോ, ഫ്‌ളാറ്റോ, വാണിജ്യ യൂണിറ്റുകളോ, ഓഫീസുകളോ, വാണിജ്യ സ്ഥാപനങ്ങളോ, ഗോഡൗണുകളോ (ഉടമസ്ഥാവകാശമോ ദീർഘകാല പാട്ടമോ ഉള്ളവ) ആണ് ഈ നിയമപ്രകാരം റിയൽ എസ്റ്റേറ്റ് പദ്ധതിയെന്ന നിർവചനത്തിൽ വരുന്നത്. രജിസ്റ്റർ ചെയ്ത എല്ലാ റിയൽ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിർമ്മാണ പുരോഗതിയും വെബ് പോർട്ടലിൽ ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചു.
ഇടപാടുകളിൽ ഏർപ്പെടുന്നതിനു മുൻപ് പോർട്ടൽ സന്ദർശിച്ച് രജിസ്ട്രേഷനുണ്ടെന്ന് ഉറപ്പാക്കണം. ഇത്തരം പ്രൊജക്ടുകളിലെ ഇടപാടുകളിൽ ഏജന്റായി പ്രവർത്തിക്കുന്നവരും (റിയൽ എസ്റ്റേറ്റ് ഏജന്റ്) നിർബന്ധമായും റെറയിൽ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അറുനൂറിലേറെ പദ്ധതികളും ഇരുനൂറോളം ഏജന്റുമാരുമാണ് ഒക്ടോബർ 30 വരെ റെറയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 118 പ്രൊജക്ടുകൾ പൂർത്തിയായി. 919 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 480 എണ്ണമാണ് തീർപ്പാക്കിയത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർക്കുമായി അതോറിട്ടി കണ്ണൂരിൽ ബോധവൽക്കരണ പരിപാടി നടത്തി. റെറ അംഗങ്ങളായ അഡ്വ. പ്രീത മേനോൻ, എം.പി. മാത്യൂസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

