സംസ്ഥാന താൽപര്യത്തിന് വിരുദ്ധം; കെ റെയിൽ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി ഇ ശ്രീധരൻ

sreedharan

കൊല്ലം: കെ റെയിൽ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി ഇ ശ്രീധരൻ. പദ്ധതി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സിൽവർ ലൈനിന്റെ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് കെ റെയിൽ നിർമാണം നടന്നാൽ കേരളത്തെ വിഭജിക്കുന്ന ‘ചൈനാ മതിൽ’ രൂപപ്പെടുമെന്നാണ് അദ്ദേഹം പറയുന്നത്.

രാത്രിയിൽ ചരക്കുഗതാഗതം നടത്തുമെന്ന കെ റെയിൽ പ്രഖ്യാപനം അപ്രായോഗികമാണ്. 2025 ൽ പദ്ധതി പൂർത്തിയാക്കാമെന്ന കെ റെയിൽ വാദവും തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. കെആർഡിസിഎല്ലിന് നിർമാണ ചുമതല നൽകിയ 27 റെയിൽവേ മേൽപാലങ്ങളിൽ ഒന്നിന്റെ നിർമാണം പോലും തുടങ്ങാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ റെയിൽ പദ്ധതിയുടെ കട ബാധ്യത ഏറ്റെടുക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികൾ ആരാണ് നിർത്തിയതെന്നും അദ്ദേഹം ചോദിച്ചു. അന്ന് ലൈറ്റ് മെട്രോ പദ്ധതികൾ ആരംഭിച്ചിരുന്നെങ്കിൽ രണ്ടു നഗരങ്ങളിൽ ലൈറ്റ് മെട്രോ ഇന്ന് സർവീസ് നടത്തുമായിരുന്നുന്നു. സംസ്ഥാന സർക്കാരിന്റെ വ്യാജ അവകാശവാദങ്ങൾക്ക് കൂട്ടു നിൽക്കാൻ ബിജെപിക്കാവില്ലെന്നും അദ്ദേഹം അറിയിച്ചു. കെ റെയിലിൽ എന്താണ് സംഭവിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിക്കു പോലും അറിയില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.