ഹോട്ടലുകളിൽ എന്തിനാണ് ഹലാൽ ബോർഡ് വയ്ക്കുന്നത്; എംഎം ഹസ്സൻ

കോഴിക്കോട്: ഹോട്ടലുകളിൽ എന്തിനാണ് ഹലാൽ ബോർഡ് വയ്ക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. ഭക്ഷണം ആവശ്യമുള്ളവർ അത് ചോദിച്ചു വാങ്ങുകയാണ് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം ബോർഡുകൾ സംഘപരിവാറിന് പ്രകോപനം സൃഷ്ടിക്കാൻ കാരണമാകും. ഭക്ഷണത്തിന്റെ പേരിൽ കേരളത്തെ വിഭജിക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്നും ഹസ്സൻ കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

അതേസമയം ഹലാൽ വിവാദമുണ്ടാക്കിയത് ഇസ്ലാം മതത്തിലെ ചില ജിഹാദികളാണെന്ന് ആരോപിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി രംഗത്തെത്തി. പന്നിയിറച്ചിയും കഴിക്കാമെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. വിശക്കുന്നവന് മറ്റൊന്നും കഴിക്കാനില്ലെങ്കിൽ പന്നിയിറച്ചിയും ഹറാമല്ല. ഇസ്ലാമിനെ വേഷത്തിലും ഭക്ഷണത്തിലും മാറ്റി നിർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലമൂത്രത്തിൽ പോലും തുപ്പരുതെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം, ഭക്ഷണത്തിൽ തുപ്പിയ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.