ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കെർവ് പ്രകാരം നിലനിർത്തണമെന്ന ഇടക്കാല ഉത്തരവ് തുടരും. സുപ്രീം കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ നവംബർ 30-ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാടിന് സാധിക്കും. കേസിൽ അടിയന്തര ഉത്തരവിന്റെ ആവശ്യമില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.
ഒക്ടോബർ 28-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കെർവ് പ്രകാരം നിലനിർത്തണമെന്ന നിർദ്ദേശം നൽകിയത്. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ മേൽനോട്ട സമിതി സ്ഥിതിഗതി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രീം കോടതി തിങ്കളാഴ്ച്ച അറിയിച്ചത്.
കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കെർവ് പ്രകാരം നവംബർ 30-ലെ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാണ്. നിലവിൽ വിശദമായി പരിഗണിക്കുന്ന മറ്റ് രണ്ട് കേസ്സുകളുടെ വാദം കേൾക്കൽ പൂർത്തിയായ ശേഷം മുല്ലപെരിയാർ ഹർജികൾ കേൾക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡിസംബർ 10-നാണ് ഹർജികൾ ഇനി പരിഗണിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. മറ്റ് രണ്ട് കേസുകളുടെ വാദം കേൾക്കൽ അതിന് മുമ്പ് പൂർത്തിയായായാൽ അപ്പോൾ മുല്ലപെരിയാർ കേസ് കേൾക്കുമെന്നും കോടതി പറഞ്ഞു.

