General (Page 1,318)

Covid

ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ കോവിഡ് പരിശോധന കുറയുന്നതിൽ ആശങ്കയറിയിച്ച് കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്തമാക്കി കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ കത്തയച്ചു. ഈ മാസം 22 വരെ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ശരാശരി 10,000 ആയിരുന്നു. പ്രതിദിന കൊവിഡ് ടെസ്റ്റുകൾ കുറയുന്നു എന്നതിനുദാഹരണമാണ് ഇതെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കുന്നത്.

നാഗാലാന്റ്, സിക്കിം, മഹാരാഷ്ട്ര, കേരളം, ഗോവ, മണിപ്പൂർ, മേഘാലയ, മിസോറാം, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ജമ്മുകശ്മീർ, ലഡാക്ക് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രസർക്കാർ കത്തയച്ചത്. കോവിഡ് പരിശോധന കൃത്യമായി നടക്കാത്തതിനാൽ യഥാർത്ഥ കണക്കുകൾ പുറത്തുവരുന്നില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡ് വാക്സിനേഷൻ പൂർത്തിയായിട്ടും യൂറോപിലടക്കം കൊവിഡ് കേസുകൾ നവംബർ മാസത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. നാഗാലാന്റിൽ ചില ജില്ലകളിൽ ആശങ്കാജനകമായ രീതിയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ശ്രദ്ധിക്കണമെന്നും കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി.

24മണിക്കൂറിനിടെ 9, 283 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 437 പേർക്ക് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. 1,11,481 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷമായി ശമ്പള വർധനവില്ലാതെ ജോലി ചെയ്ത് കെഎസ്ആർടിസിയിലെ തൊഴിലാളികൾ. കിട്ടുന്ന ശമ്പളം കൊണ്ട് ജീവിത ചെലവുകൾ മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് ഇവർ.

‘ശമ്പളം എന്ന് കിട്ടുമെന്നറിയില്ല, എടുത്ത ലോണിന്റെ അടവുകൾ മുടങ്ങുമ്പോൾ പലിശ കൂടും. വാടക കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോൾ കിട്ടുന്ന ശമ്പളം കൊണ്ട് ജീവിതം മുന്നോട്ടു പോകാൻ കഴിയുന്നില്ല. സ്വന്തമായി ഒരു കൂര പോലുമില്ല. ആത്മഹത്യയെ കുറിച്ചുവരെ ആലോചിച്ചിട്ടുണ്ട്…’ കെ.എസ്.ആർ.ടി.സി സിറ്റി ഡിപ്പോയിലെ ഡ്രൈവർ സുനിൽകുമാറിന്റെ വാക്കുകളാണിത്. ജീവിത പ്രതിസന്ധി എത്രത്തോളമുണ്ടെന്ന് ഈ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാണ്.

ജൂൺ മാസം മുതൽ ശമ്പളം വർദ്ധിക്കുന്നതോടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന് വിശ്വസിച്ചിരിക്കുകയായിരുന്നു സുനിൽ. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് ലഭിക്കുന്ന തുക 24,500 രൂപയാണ്. മകളുടെ വിവാഹച്ചെലവ് ഉൾപ്പെടെയുള്ള ആവശ്യത്തിനായി വായ്പ വാങ്ങിയ ഇനത്തിൽ അഞ്ചു ലക്ഷം രൂപയുടെ ബാധ്യതയും ഇദ്ദേഹത്തിനുണ്ട്. മാസം ആരംഭിച്ച് രണ്ടാം വാരമാകുമ്പോഴാണ് പലപ്പോഴും തുച്ഛമായ ശമ്പളം ലഭിക്കുന്നതെന്നും സുനിൽ പറയുന്നു. സുനിലിനെ പോലെ നിരവധി പേരാണ് ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നത്.

2011 ലാണ് ഏറ്റവും ഒടുവിൽ കെ.എസ്.ആർ.ടി.സി ശമ്പളം വർധിപ്പിച്ചത്. ഇത്രയും ഇടവേളയ്ക്കു ശേഷം, കെ.എസ്.ആർ.ടി.സി തയ്യാറാക്കിയ ശമ്പള പരിഷ്‌കരണ പാക്കേജിൽ,10 വർഷത്തിൽ കൂടുതൽ സർവീസുള്ളവർക്ക് പോലും 1500-2500 രൂപയുടെ വർധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്.അതേസസമയം കോവിഡ് സാഹചര്യം നിലനിൽക്കെ തന്നെയല്ലേ സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പളം സർക്കാർ കുത്തനെ വർധിപ്പിച്ചതെന്നും കെഎസ്ആർടിസി ജീവനക്കാർ ചോദിക്കുന്നു. കൂടുതൽ ബസുകൾ നിരത്തിലിറക്കുക, കൃത്യമായി സർവീസ് നടത്തുക, ചീഫ് ഓഫീസിൽ പുതിയ നിയമനങ്ങൾ നിർത്തലാക്കുക, ശമ്പള വർദ്ധന യാഥാർത്ഥ്യമാക്കണം എന്നിവയാണ് തൊഴിലാളികൾ മുന്നോട്ടു വെയ്ക്കുന്ന ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മൂന്ന് അംഗീകൃത സംഘടനകളും ഒരുമിച്ച് അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്നും തൊഴിലാളികൾ പറയുന്നു.

തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകൾക്കെതിരെ വിമർശനവുമായി സഹകരണ മന്ത്രി വിഎൻ വാസവൻ. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആർബിഐയുടെ ശ്രമമെന്നാണ് അദ്ദേഹം പറയുന്നത്. പുതിയ വ്യവസ്ഥകൾ സംബന്ധിച്ച് നിയമജ്ഞരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിങ് ഭേദഗതി നിയമത്തിന് ശേഷം സുപ്രീം കോടതി പുറപ്പെടുവിച്ച രണ്ട് വിധികളും സംസ്ഥാനത്തെ സഹകരണ മേഖലയുടെ താൽപ്പര്യം സംരക്ഷിക്കുന്നതായിരുന്നു. 97-ാം ഭരണഘടനാ ഭേദഗതി സംബന്ധിച്ച വിധിയിൽ സഹകരണ മേഖലയിൽ കൈകടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം തടഞ്ഞിരുന്നു. ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വിധിയിൽ അംഗത്വത്തെ സംബന്ധിച്ചും വ്യക്തമാക്കിയിരുന്നു. വോട്ട് അവകാശമുള്ള അംഗങ്ങൾക്കും വോട്ടവകാശമില്ലാത്ത മറ്റ് കാറ്റഗറിയിൽപ്പെടുന്ന അംഗങ്ങൾക്കും തുല്യാവകാശമാണെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ ആർബിഐയുടെ കുറിപ്പിൽ ഭേദഗതി നിയമത്തെ വ്യാഖ്യാനിച്ച് സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമം നിലവിൽ വന്ന ശേഷമുള്ള രണ്ട് വിധികളുടെയും അടിസ്ഥാനത്തിൽ സഹകരണ സംഘങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാനും വായ്പകൾ നൽകാനും കഴിയും. സംസ്ഥാന സഹകരണ നിയമം അനുസരിച്ചുതന്നെ ഇത്തരം ഇടപാടുകൾക്ക് കഴിയും. ആർബിഐയുടെ ഇപ്പോഴത്തെ നിർദ്ദേശങ്ങൾ കോടതിയുടെ തീരുമാനത്തിൽ നിന്നും വ്യത്യസ്തമായതുകൊണ്ടു തന്നെ നിയമജ്ഞരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങൾക്കും സമാനമായ സാഹചര്യമുണ്ട്. ഇതര സംസ്ഥാനങ്ങളിലെ സഹകരണ മന്ത്രിമാരുമായും ആശയ വിനിമയം നടത്തും. സർവീസ് സഹകരണ സംഘം മേഖലയിൽ ക്രെഡിറ്റ് സംഘങ്ങൾ അധികമുള്ളത് കേരളത്തിലാണ്. 69% ശതമാനവും കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. ജനകീയ പ്രതിരോധം ഉയർത്തേണ്ടി വരുകയാണെങ്കിൽ അതിനും ഒരുക്കമാണ്. നോട്ട് നിരോധനകാലത്ത് ജനകീയ പ്രതിരോധത്തിലൂടെയാണ് കേന്ദ്ര നിലപാടുകളെ മറികടന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി കെ റെയിൽ എംഡി. കെ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ രണ്ടായി മുറിക്കുന്ന മതിലുകൾ നിർമിക്കില്ല. റെയിൽവേ നിയമ പ്രകാരമുള്ള സംരക്ഷണ വേലി മാത്രമാണ് കെട്ടുന്നത്. ഓരോ 500 മീറ്ററിലും റോഡ് മുറിച്ച് കടക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകും. അഞ്ചുകൊല്ലം കൊണ്ട് പണി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാല് മണിക്കൂറിൽ എത്തിച്ചേരാൻ കഴിയുന്ന റെയിൽവേ പദ്ധതിയാണ് കാസർകോട് – തിരുവനന്തപുരം അർധ അതിവേഗപാതയായ സിൽവർലൈൻ. നിലവിലെ തീവണ്ടി യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള ബദൽ മാർഗമുണ്ടാക്കുന്നതിനും സംസ്ഥാനത്തെ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുമാണ് സിൽവർലൈൻ ആവിഷ്‌കരിച്ചിരിക്കുന്നത്. 11 സ്റ്റേഷനുകളാണ് സിൽവർലൈൻ പദ്ധതിക്കുള്ളത്. അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തിലാണ് സിൽവർലൈൻ പദ്ധതി ആസുത്രണം ചെയ്തിരിക്കുന്നത്. പദ്ധതി പൂർത്തിയാക്കാനുള്ള മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത് 63, 941 കോടി രൂപയാണെന്നും 2025 വരെയുള്ള ചെലവ് വർധനവും നികുതികളും നിർമ്മാണ ഘട്ടത്തിലെ പലിശയും ഉൾപ്പെടെയാണ് ഈ തുക കണക്കാക്കിയിട്ടുള്ളതെന്ന് അദ്ദേഹം വിശദമാക്കി.

ഒരു റെയിൽവേലൈൻ പണിയുന്നതിന് അഞ്ചുകൊല്ലം ധാരാളമാണ്. രണ്ട് കൊല്ലത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയാൽ അഞ്ചുവർഷം കൊണ്ട് പണിപൂർത്തിയാക്കും. 8, 10 കൊല്ലം കൊണ്ട് പൂർത്തിയാക്കുന്ന പദ്ധതിയുടെ ചെലവ് വല്ലാതെ ഉയരും. അഞ്ചുകൊല്ലം പൂർത്തിയാക്കിയാൽ ആ പദ്ധതി പ്രായോഗികമായിരിക്കും. ഏത് പദ്ധതിയും എത്ര പെട്ടെന്ന് പൂർത്തിയാക്കുന്നുവോ അത്രയും ലാഭകരമായിരിക്കും. പദ്ധതിയുടെ വിശദമായ രൂപരേഖയ്ക്ക് (ഡിപിആർ) റെയിൽവേ ബോർഡിൻറെ അന്തിമാനുമതി കാത്തിരിക്കുകയാണ്. വായ്പകൾക്കായുള്ള നടപടികൾ ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. പദ്ധതിയുടെ വിശദമായ രൂപരേഖ പരിശോധിച്ച നീതി ആയോഗ് വിദേശ വായ്പകൾക്കായുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്ന് സാമ്പത്തികകാര്യ വകുപ്പിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഡിപിആർ ഒരു വാണിജ്യരേഖ ആയതുകൊണ്ടാണ് അത് പുറത്തുവിടാത്തത്. ഇത്തരം പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ടുകൾ കമ്പനികൾ സാധാരണ പ്രസിദ്ധീകരിക്കാറില്ല. കമ്പനികളുടെ ഈ നിലപാടിനെ സുപ്രീംകോടതിയും അഗീകരിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2017 ഒക്ടോബർ 27 ന് കേരള മുഖ്യമന്ത്രിയും റെയിൽവേ ബോർഡ് ചെയർമാനും പങ്കെടുത്ത യോഗത്തിലെ തീരുമാനം അനുസരിച്ചാണ് സിൽവർലൈൻ അലൈൻമെൻറ് നിലവിലെ പാതക്ക് സമാന്തരമായി നിർമിക്കാൻ തീരുമാനിച്ചത്. കാസർകോട് മുതൽ തിരൂർ വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് സിൽവർലൈൻ വരുന്നത്. തിരൂർ മുതൽ തിരുവനന്തപുരം വരെ അനേകം വളവുകളും മറ്റുമുള്ളതിനാൽ സമാന്തര പാത സാധ്യമല്ലെന്ന് പഠനത്തിൽ കണ്ടെത്തി. അതിൻറെ അടിസ്ഥാനത്തിലാണ് ഈ മേഖലയിൽ ഗ്രീൻ ഫീൽഡിൽ പുതിയ പാത ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്ത്യൻ റെയിൽവെയുടെ ഭാവി ഗതാഗത ആവശ്യങ്ങൾ ഒരുപരിധി വരെ നിറവേറ്റാൻ പറ്റുന്ന വിധത്തിലാണ് സിൽവർലൈൻ വിഭാവനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ ഭാവിയിൽ പുതിയ റെയിൽവേ ലൈനുകൾ ആവശ്യമായി വരില്ല. കേന്ദ്ര റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും സംയുക്തമായി തുടങ്ങിയ ഈ സംരംഭത്തിൻറെ ലക്ഷ്യവും അതുതന്നെയാണ്. മതിയായ വിഭവേശഷിയില്ലാത്ത റെയിൽവേ, അടിസ്ഥാന സൗകര്യ വികസനത്തിൽ നേരിട്ട് നിക്ഷേപം നടത്തുന്നതിന് പകരം ഇത്തരം സംയുക്ത സംരംഭങ്ങളിലൂടെയാണ് നിക്ഷേപം നടത്തുന്നത്. പല സംസ്ഥാനങ്ങളിലും സംയുക്ത സംരംഭത്തിൽ റെയിൽവേ വികസനം നടപ്പാക്കി വരുന്നുണ്ട്. തണ്ണീർതടങ്ങളും നെൽവയലുകളുമുള്ള സ്ഥലങ്ങളിൽ വയഡക്ടിലൂടെയാണ് (തൂണുകൾ) പാത പോകുന്നത്. മറ്റ് സ്ഥലങ്ങളിൽ മണ്ണ് ശക്തിപ്പെടുത്താനുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ദുബായ്: കേരളത്തിലെ നിരാലംബരായ വനിതകൾക്ക് പ്രതീക്ഷ നൽകുന്നതാണ് കാവൽ എന്ന സിനിമയെന്ന് നടൻ സുരേഷ് ഗോപി. വിസ്മയ, ഉത്തര തുടങ്ങിയവരെ പോലെ ഒരുപാടു പെൺകുട്ടികൾ കേരളത്തിൽ ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവരെയെല്ലാവരെയും സംരക്ഷിക്കാൻ സാധിക്കുമെന്നല്ല പറയുന്നത്. എങ്കിലും അവർക്കൊക്കെ കാവലായി താനെന്നുമുണ്ടാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വിശദമാക്കി. കാവൽ റിലീസിനോടനുബന്ധിച്ച് ദുബായിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സിനിമ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന കലയെന്ന നിലയ്ക്ക് കാവൽ അവർക്ക് പ്രതീക്ഷകൾ നൽകും. കാവൽ ഏപ്രിലിൽ പൂർത്തിയാക്കി സെൻസറിങ്ങും കഴിഞ്ഞ് തീയറ്റർ തുറക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. തീയറ്ററിൽ കാണേണ്ട സിനിമയാണിതെന്നും തീയറ്ററിൽ പ്രദർശിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഈ ചിത്രം ആരും കാണില്ലെന്നും നിർമാതാവ് ജോബി ജോർജ് കഴിഞ്ഞ ജൂണിൽ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. തീയറ്ററിൽ ചിത്രം പ്രദർശിപ്പിക്കുമ്പോൾ അത് താഴേത്തട്ടിലുള്ള ജോലിക്കാർക്ക് മുതൽ തിയറ്റർ ഉടമകൾക്ക് വരെ ഗുണകരമാകുന്നു. ഒടിടിക്ക് വേണ്ടി നിർമിക്കുന്ന ചിത്രങ്ങൾ അത്തരത്തിലുള്ള സാമ്പത്തിക ചട്ടക്കൂട്ടിൽ നിന്ന് കൊണ്ടുള്ളവയാണ്. തീയറ്ററുകളോടൊപ്പം ഒടിടിയിലും ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടതുണ്ടെന്നും സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു. സിനിമയൊഴിച്ചുള്ള വിഷയങ്ങൾക്ക് മറുപടി പറയില്ലെന്ന മുഖവുരയോടെയാണ് അദ്ദേഹം വാർത്താ സമ്മേളനം ആരംഭിച്ചത്.

അതേസമയം കസബ’ എന്ന ചിത്രത്തിൽ നാം സാധാരണ ജീവിതത്തിൽ പറയാറുള്ള ചീത്ത വാക്കുകളേ ഉപയോഗിച്ചിട്ടുള്ളൂവെന്നും ചുരുളിയിലെ സംഭാഷണങ്ങൾ വിവാദമായതിനെക്കുറിച്ച് പറയാൻ താൻ ആളല്ലെന്നും കാവലിന്റെ സംവിധായകൻ നിതിൻ രൺജി പണിക്കർ വ്യക്തമാക്കി.

തന്റെ രണ്ടാമത്തെ ചിത്രമായ കാവൽ ഒരു ഫാമിലി ഡ്രാമ ആക്ഷൻ ചിത്രമാണ്. ആക്ഷൻ ഹീറോ എന്ന സുരേഷ് ഗോപിയുടെ ഇമേജ് കാത്തുസൂക്ഷിക്കുന്ന മികച്ച ചിത്രമായിരിക്കും കാവലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവംബർ 25 വ്യാഴാഴ്ച്ചയാണ് കാവൽ റിലീസ് ചെയ്യുന്നത്.

തിരുവനന്തപുരം: ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നവ വധു മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ സുധീറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആലുവ സിഐ സി.എൽ. സുധീർ സി.പി.എമ്മിന് താത്പര്യമുള്ള ഉദ്യോഗസ്ഥനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്ര കൊലക്കേസിലടക്കം വീഴ്ച വരുത്തിയ ആളാണ്. അന്നെല്ലാം സി.പി.എം നേതാക്കൾ സംരക്ഷിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

സി.ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാലക്കുടി എം.പിയ്ക്കും ആലുവ എം.എൽ.എയ്ക്കും പോലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തേണ്ട അവസ്ഥ വന്നു. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ സർക്കാരിന്റെ സമീപനം എന്തെന്നതിന്റെ ഏറ്റവും വലിയ അടയാളമായി ആലുവ സംഭവം നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഫിയ കേസിൽ ആരോപണ വിധേയനായ സിഐ ഉത്ര വധക്കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനാണ്. ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഭാര്യ ഉത്രയെ കടിപ്പിച്ച് കൊന്ന കേസിന്റെ അന്വേഷണ ഘട്ടത്തിൽ ഇയാൾ വീഴ്ച വരുത്തിയെന്ന് ആരോപണം ഉയർന്നതോടെയാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. 2020 ജൂണിൽ അഞ്ചൽ ഇടമുളയ്ക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്.

തിരുവനന്തപുരം: ദത്ത് വിഷയത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും (സി.ബ്ല്യു.സി) ശിശുക്ഷേമ സമിതിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടിവി അനുപമയുടെ നേതൃത്വത്തിൽ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ മന്ത്രി വീണാ ജോർജിന് റിപ്പോർട്ട് ഉടൻ കൈമാറും.

കുട്ടി തന്റേതാണെന്നും തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് അനുപമയും അജിത്തും സി.ബ്ല്യു.സിയെയും ശിശുക്ഷേമ സമിതിയെയും സമീപിച്ചുവെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഇവർ എത്തിയിട്ടും കുട്ടിയുടെ സ്ഥിരം ദത്ത് തടയാനുള്ള നടപടികളെടുത്തില്ലെന്നും റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. തന്റെ കുട്ടി ആണ് ഇവിടെ എത്തിച്ചിരിക്കുന്നതെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ട് അനുപമ ഓഗസ്റ്റ് 11 ന് സിഡബ്ല്യൂസിയെ സമീപിച്ചിരുന്നു. ഓഗസ്റ്റ് ആറിനാണ് കുട്ടിയെ ദത്ത് നൽകാൻ അഡോപ്ഷൻ കമ്മിറ്റി തീരുമാനിക്കുന്നത്. തുടർന്ന് അടുത്ത ദിവസം തന്നെ ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകുകയും ചെയ്തു.

എന്നാൽ കുട്ടിയെ വേണമെന്നാവശ്യപ്പെട്ട് അനുപമ സമീപിച്ചതിന് ശേഷവും ദത്ത് നടപടികൾ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി സിഡബ്ല്യൂസി മുന്നോട്ട് പോയി. ഇതുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസി ഓഗസ്റ്റ് 16 ന് കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ അടക്കമുള്ളവരെ അനുപമയും അജിത്തും നേരിൽ കണ്ട് പല തവണ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തിരികെ എത്തിക്കാനുള്ള ഒരു നടപടിയും നൽകിയില്ല എന്ന് മാത്രമല്ല സ്ഥിരം ദത്ത് നൽകാനുള്ള നടപടികളുമായി മുന്നോട്ട് പോയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ന്യൂഡൽഹി: പുതിയ ക്രിപ്‌റ്റോ കറൻസി ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയ ക്രിപ്‌റ്റോ കറൻസി ബില്ലിൽ ഏതാനും ക്രിപ്‌റ്റോ കറൻസി ബിൽ ഒഴികെ മറ്റെല്ലാറ്റിനും നിരോധനം ഏർപ്പെടുത്താനാണ് നിർദ്ദേശം. ശീതകാലസമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കാൻ പോകുന്ന ക്രിപ്റ്റോകറൻസി ബില്ലിലാണ് ഇത്തരമൊരു നിർദ്ദേശമെന്നാണ് റിപ്പോർട്ടുകൾ. റിസർവ്വ് ബാങ്ക് പുറത്തിറക്കാൻ പോകുന്ന പുതിയ ഡിജിറ്റൽ ക്രിപ്റ്റോകറൻസി സൃഷ്ടിക്കാനുള്ള ചട്ടക്കൂട് ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രിപ്റ്റോ കറൻസി ബിൽ അവതരിപ്പിക്കുന്നത്.

ഈ ബില്ലിൽ ഏതാനും ചില ക്രിപ്റ്റോ കറൻസികൾ ഒഴികെ മറ്റെല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളും ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തും. ക്രിപറ്റോ കറൻസികൾക്ക് പിന്നിലെ സാങ്കേതിക വിദ്യയായ ബ്ലോക് ചെയിൻ ടെക്നോളജി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഏതാനും ക്രിപ്റ്റോകറൻസികളെ നിയമവിധേയമാക്കുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. ഏതൊക്കെ ക്രിപ്‌റ്റോ കറൻസികളാണ് നിയമവിധേയമാകുക, ഏതൊക്കെയാണ് നിരോധിക്കപ്പെടുക എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല.

രാജ്യത്ത് അനിയന്ത്രിതമായ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നിയന്ത്രിക്കണമെന്ന ആവശ്യം നേരത്തെ കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച ചർച്ച നടത്തിയത്. അമിതവാഗ്ദാനങ്ങൾ നൽകിയും സുതാര്യമല്ലാത്തതുമായ ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെയും യുവജനങ്ങളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾക്ക് അവസാനമുണ്ടാക്കണമെന്നായിരുന്നു യോഗത്തിൽ ഉയർന്നു വന്ന ആവശ്യം. കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിനുള്ള സാമ്പത്തിക സ്രോതസായും ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ച നടന്നുവെന്നാണ് റിപ്പോർട്ടുകൾ.

ആലപ്പുഴ: ഭക്ഷണത്തിന് മതമില്ല എന്ന മുദ്രാവാക്യത്തോടെ ഹലാൽ വിവാദത്തിൽ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കാൻ ഡിവൈഎഫ്‌ഐ തീരുമാനിച്ചതിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഭക്ഷണത്തിൽ മതം കലർത്തുക എന്നത് ഒരു പുരോഗമന സമൂഹത്തിന് ചേർന്നതല്ല എന്നതാണ് ഈ പരിപാടിയിലൂടെ ഡിവൈഎഫ്‌ഐ സമൂഹത്തിന് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം. പക്ഷെ പരിപാടിയ്ക്കായി തയ്യാറാക്കിയ പോസ്റ്ററിൽ ഗുരുതരമായ ഒരു പിഴവ് കടന്നു കൂടിയിട്ടുണ്ടെന്നാണ് സന്ദീപ് വാചസ്പതി പറയുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് എഎ റഹീമിനോട് എട്ടു ചോദ്യങ്ങളും അദ്ദേഹം ചോദിച്ചിട്ടുണ്ട്.

ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നവരാണോ ഭക്ഷണത്തിൽ മതം കലർത്തുന്നത്, ഭക്ഷണത്തിൽ മതത്തിന് സ്ഥാനം ഇല്ലാത്തതിനാൽ ഡിവൈഎഫ്‌ഐ നടത്തുന്ന ഫുഡ് സ്ട്രീറ്റിൽ പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേയെന്നും സന്ദീപി വാചസ്പതി ചോദിച്ചു. ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം തേടുമ്പോഴാണ് ഭക്ഷണത്തിൽ മതം കലർത്തുന്നത് സംഘപരിവാർ അല്ല മുസ്ലിം തീവ്രവാദമാണെന്ന് മനസ്സിലാകുക. അതോടെ നിങ്ങളുടെ പോസ്റ്ററിൽ കടന്നു കൂടിയ ഗുരുതരമായ തെറ്റ് മനസ്സിലാകുമെന്ന് അദ്ദേഹം പറയുന്നു. താങ്കളുടെ രാഷ്ട്രീയം ആത്മാർത്ഥമാണെങ്കിൽ, ഉയർത്തുന്ന മുദ്രാവാക്യത്തോട് നീതി പുലർത്തുന്നു എങ്കിൽ പോസ്റ്റർ ഉടൻ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അങ്ങനെ എങ്കിൽ ഈ സമരത്തിൽ അണിചേരാൻ ഞാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇല്ലായെങ്കിൽ ഈ സമരം ഹലാലാക്കപ്പെട്ട ഉടായിപ്പ് സമരം ആണെന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പ്രിയപ്പെട്ട എ എ റഹിമിന് A A Rahim ,

ഭക്ഷണത്തിൽ മതം കലർത്തുന്നതിനെതിരെ ഡിവൈഎഫ്‌ഐ ‘ഫുഡ് സ്ട്രീറ്റ്’ എന്ന പേരിൽ ഒരു പരിപാടി നടത്തുന്നതായി അറിഞ്ഞു. വളരെ നല്ല കാര്യം. ഭക്ഷണത്തിൽ മതം കലർത്തുക എന്നത് ഒരു പുരോഗമന സമൂഹത്തിന് ചേർന്നതല്ല എന്നതാണല്ലോ ഈ പരിപാടിയിലൂടെ ഡിവൈഎഫ്‌ഐ സമൂഹത്തിന് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം. പക്ഷെ പരിപാടിയ്ക്കായി തയ്യാറാക്കിയ പോസ്റ്ററിൽ ഗുരുതരമായ ഒരു പിഴവ് കടന്നു കൂടിയതായി ശ്രദ്ധയിൽ പെടുത്താനാണ് ഇത് എഴുതുന്നത്.

ഹലാൽ എന്ന വാക്ക് ഇസ്ലാം മതവുമായി ബന്ധപ്പെട്ടതാണ് എന്ന് റഹിമിന് അറിയുന്നതാണല്ലോ. ഹലാൽ എന്നാൽ ഇസ്ലാമിന് അനുവദനീയമായത് എന്നാണല്ലോ അർത്ഥം. ആ സാഹചര്യത്തിൽ എന്റെ ചില സംശയങ്ങൾക്ക് റഹിം മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

  1. ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നവരാണോ ഭക്ഷണത്തിൽ മതം കലർത്തുന്നത്, അതോ അത് വേണ്ടെന്ന് പറയുന്നവരോ?
  2. ഹലാലായ ഭക്ഷണം മാത്രമേ കഴിക്കൂ എന്ന് ശാഠ്യം പിടിക്കുന്നവരല്ലേ ഭക്ഷണത്തിൽ മതം കലർത്തുന്നത്?.
  3. ഹലാൽ ഭക്ഷണം എന്നത് ഒരു തരത്തിൽ ആയിത്താചാരണം തന്നെ അല്ലേ?
  4. ഖുർആൻ അനുശാസിക്കുന്ന തരത്തിൽ മാത്രം പാചകം ചെയ്യുന്നതല്ലേ ഭക്ഷണത്തിലെ മതം?
  5. അങ്ങനെ വരുമ്പോൾ ഡിവൈഎഫ്‌ഐ പ്രതിഷേധം ഹലാൽ ഭക്ഷണത്തിന്റെ പ്രചാരകർക്ക് എതിരെ അല്ലെ വേണ്ടത്?.
  6. ഭക്ഷണത്തിൽ മതത്തിന് സ്ഥാനം ഇല്ലാത്തതിനാൽ ഡിവൈഎഫ്‌ഐ നടത്തുന്ന ‘ഫുഡ് സ്ട്രീറ്റിൽ’ പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ?.
  7. ഉസ്താദ് മന്ത്രിച്ച് ഊതിയാൽ മാത്രമേ ഭക്ഷണം ഭക്ഷ്യയോഗ്യമാകൂ എന്ന വാശി മതനിരപേക്ഷ സമൂഹത്തിന് ചേർന്നതാണോ?
  8. ഭക്ഷണത്തിൽ തുപ്പുന്നത് ഖുർആൻ അനുസരിച്ച് ആണെന്നും വേണമെങ്കിൽ കഴിച്ചാൽ മതിയെന്നും ഉള്ള നിലപാട് തീവ്രവാദം അല്ലെ?

ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം തേടുമ്പോഴാണ് ഭക്ഷണത്തിൽ മതം കലർത്തുന്നത് സംഘപരിവാർ അല്ല മുസ്ലിം തീവ്രവാദമാണെന്ന് മനസ്സിലാവുക. അതോടെ നിങ്ങളുടെ പോസ്റ്ററിൽ കടന്നു കൂടിയ ഗുരുതരമായ തെറ്റ് മനസ്സിലാകും. താങ്കളുടെ രാഷ്ട്രീയം ആത്മാർത്ഥമാണെങ്കിൽ, ഉയർത്തുന്ന മുദ്രാവാക്യത്തോട് നീതി പുലർത്തുന്നു എങ്കിൽ പോസ്റ്റർ ഉടൻ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ എങ്കിൽ ഈ സമരത്തിൽ അണിചേരാൻ ഞാനും തയ്യാറാണെന്ന് അറിയിക്കട്ടെ. ഇല്ലായെങ്കിൽ ഈ സമരം ഹലാലാക്കപ്പെട്ട ഉടായിപ്പ് സമരം ആണെന്ന് പറയേണ്ടി വരും.

സ്‌നേഹത്തോടെ
സന്ദീപ്വാചസ്പതി

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസുമായി ബന്ധപ്പെട്ട് കുഞ്ഞിനെ നാട്ടിലെത്തിച്ച് ഒരുദിവസത്തിനുള്ളിൽ ഡിഎൻഎ പരിശോധന ഫലം പുറത്തുവന്ന സാഹചര്യത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ മറ്റൊരു വിഷയം ചർച്ചാ വിഷയമാകുകയാണ്. സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ബിഹാർ സ്വദേശിനിയുടെ പരാതിയെ കുറിച്ചുള്ള ചർച്ചകളാണ് വീണ്ടും സജീവമാകുന്നത്. യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ പരിശോധനാ ഫലം സമർപ്പിക്കപ്പെടാത്തതാണ് വിമർശനം ഉയരാനുള്ള കാരണം. ഡിഎൻഎ പരിശോധനാ ഫലം ലാബിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് മുൻപ് കോടതിയെ അറിയിച്ചത്.

സിപിഎം നേതൃത്വത്തെ ഒരു പോലെ പ്രതിരോധത്തിലാക്കിയ രണ്ട് കേസുകളിൽ ഉണ്ടായ വൈരുദ്ധ്യമാണ് വിമർശനങ്ങൾക്ക് ആധാരം. ബിജെപി ബൗദ്ധിക സെൽ കൺവീനറും രാഷ്ട്രീയ നിരീക്ഷകനുമായ ടി ജി മോഹൻദാസും സംഭവത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തി. ഡിഎൻഎ ഫലം അനുപമയുടെ മകന്റെ ആണെങ്കിൽ ഒറ്റ ദിവസം കൊണ്ട് കിട്ടും. കോടിയേരിയുടെ മകന്റെ ആണെങ്കിൽ കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്നസെന്റ് പറഞ്ഞത് എത്ര സത്യം! ചെന്തെങ്ങിന്റെ കുല ആടും; ടിxഡി ആണെങ്കിൽ ആടുകയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ദത്ത് വിവാദവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ചയാണ് കുട്ടിയുടെ ഡിഎൻഎ ഫലം പുറത്തു വന്നത്. കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായി. മൂന്ന് തവണ ഡിഎൻഎ സാമ്പിൾ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് ഫലം ലഭിച്ചു. ഡിഎൻഎ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറി. ഈ റിപ്പോർട്ട് സിഡബ്ല്യുസി കോടതിയിൽ സമർപ്പിക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലാണ് ഡിഎൻഎ പരിശോധന നടത്തിയത്.