നിർണായക ചുവടുവെയ്പ്പ്; പുതിയ ക്രിപ്‌റ്റോ കറൻസി ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പുതിയ ക്രിപ്‌റ്റോ കറൻസി ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയ ക്രിപ്‌റ്റോ കറൻസി ബില്ലിൽ ഏതാനും ക്രിപ്‌റ്റോ കറൻസി ബിൽ ഒഴികെ മറ്റെല്ലാറ്റിനും നിരോധനം ഏർപ്പെടുത്താനാണ് നിർദ്ദേശം. ശീതകാലസമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കാൻ പോകുന്ന ക്രിപ്റ്റോകറൻസി ബില്ലിലാണ് ഇത്തരമൊരു നിർദ്ദേശമെന്നാണ് റിപ്പോർട്ടുകൾ. റിസർവ്വ് ബാങ്ക് പുറത്തിറക്കാൻ പോകുന്ന പുതിയ ഡിജിറ്റൽ ക്രിപ്റ്റോകറൻസി സൃഷ്ടിക്കാനുള്ള ചട്ടക്കൂട് ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രിപ്റ്റോ കറൻസി ബിൽ അവതരിപ്പിക്കുന്നത്.

ഈ ബില്ലിൽ ഏതാനും ചില ക്രിപ്റ്റോ കറൻസികൾ ഒഴികെ മറ്റെല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളും ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തും. ക്രിപറ്റോ കറൻസികൾക്ക് പിന്നിലെ സാങ്കേതിക വിദ്യയായ ബ്ലോക് ചെയിൻ ടെക്നോളജി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഏതാനും ക്രിപ്റ്റോകറൻസികളെ നിയമവിധേയമാക്കുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. ഏതൊക്കെ ക്രിപ്‌റ്റോ കറൻസികളാണ് നിയമവിധേയമാകുക, ഏതൊക്കെയാണ് നിരോധിക്കപ്പെടുക എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല.

രാജ്യത്ത് അനിയന്ത്രിതമായ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നിയന്ത്രിക്കണമെന്ന ആവശ്യം നേരത്തെ കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച ചർച്ച നടത്തിയത്. അമിതവാഗ്ദാനങ്ങൾ നൽകിയും സുതാര്യമല്ലാത്തതുമായ ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെയും യുവജനങ്ങളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾക്ക് അവസാനമുണ്ടാക്കണമെന്നായിരുന്നു യോഗത്തിൽ ഉയർന്നു വന്ന ആവശ്യം. കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിനുള്ള സാമ്പത്തിക സ്രോതസായും ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ച നടന്നുവെന്നാണ് റിപ്പോർട്ടുകൾ.