സിൽവർലൈൻ പദ്ധതി; വിമർശനങ്ങൾക്ക് മറുപടി നൽകി കെ റെയിൽ എംഡി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി കെ റെയിൽ എംഡി. കെ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ രണ്ടായി മുറിക്കുന്ന മതിലുകൾ നിർമിക്കില്ല. റെയിൽവേ നിയമ പ്രകാരമുള്ള സംരക്ഷണ വേലി മാത്രമാണ് കെട്ടുന്നത്. ഓരോ 500 മീറ്ററിലും റോഡ് മുറിച്ച് കടക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകും. അഞ്ചുകൊല്ലം കൊണ്ട് പണി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാല് മണിക്കൂറിൽ എത്തിച്ചേരാൻ കഴിയുന്ന റെയിൽവേ പദ്ധതിയാണ് കാസർകോട് – തിരുവനന്തപുരം അർധ അതിവേഗപാതയായ സിൽവർലൈൻ. നിലവിലെ തീവണ്ടി യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള ബദൽ മാർഗമുണ്ടാക്കുന്നതിനും സംസ്ഥാനത്തെ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുമാണ് സിൽവർലൈൻ ആവിഷ്‌കരിച്ചിരിക്കുന്നത്. 11 സ്റ്റേഷനുകളാണ് സിൽവർലൈൻ പദ്ധതിക്കുള്ളത്. അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തിലാണ് സിൽവർലൈൻ പദ്ധതി ആസുത്രണം ചെയ്തിരിക്കുന്നത്. പദ്ധതി പൂർത്തിയാക്കാനുള്ള മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത് 63, 941 കോടി രൂപയാണെന്നും 2025 വരെയുള്ള ചെലവ് വർധനവും നികുതികളും നിർമ്മാണ ഘട്ടത്തിലെ പലിശയും ഉൾപ്പെടെയാണ് ഈ തുക കണക്കാക്കിയിട്ടുള്ളതെന്ന് അദ്ദേഹം വിശദമാക്കി.

ഒരു റെയിൽവേലൈൻ പണിയുന്നതിന് അഞ്ചുകൊല്ലം ധാരാളമാണ്. രണ്ട് കൊല്ലത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയാൽ അഞ്ചുവർഷം കൊണ്ട് പണിപൂർത്തിയാക്കും. 8, 10 കൊല്ലം കൊണ്ട് പൂർത്തിയാക്കുന്ന പദ്ധതിയുടെ ചെലവ് വല്ലാതെ ഉയരും. അഞ്ചുകൊല്ലം പൂർത്തിയാക്കിയാൽ ആ പദ്ധതി പ്രായോഗികമായിരിക്കും. ഏത് പദ്ധതിയും എത്ര പെട്ടെന്ന് പൂർത്തിയാക്കുന്നുവോ അത്രയും ലാഭകരമായിരിക്കും. പദ്ധതിയുടെ വിശദമായ രൂപരേഖയ്ക്ക് (ഡിപിആർ) റെയിൽവേ ബോർഡിൻറെ അന്തിമാനുമതി കാത്തിരിക്കുകയാണ്. വായ്പകൾക്കായുള്ള നടപടികൾ ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. പദ്ധതിയുടെ വിശദമായ രൂപരേഖ പരിശോധിച്ച നീതി ആയോഗ് വിദേശ വായ്പകൾക്കായുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്ന് സാമ്പത്തികകാര്യ വകുപ്പിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഡിപിആർ ഒരു വാണിജ്യരേഖ ആയതുകൊണ്ടാണ് അത് പുറത്തുവിടാത്തത്. ഇത്തരം പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ടുകൾ കമ്പനികൾ സാധാരണ പ്രസിദ്ധീകരിക്കാറില്ല. കമ്പനികളുടെ ഈ നിലപാടിനെ സുപ്രീംകോടതിയും അഗീകരിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2017 ഒക്ടോബർ 27 ന് കേരള മുഖ്യമന്ത്രിയും റെയിൽവേ ബോർഡ് ചെയർമാനും പങ്കെടുത്ത യോഗത്തിലെ തീരുമാനം അനുസരിച്ചാണ് സിൽവർലൈൻ അലൈൻമെൻറ് നിലവിലെ പാതക്ക് സമാന്തരമായി നിർമിക്കാൻ തീരുമാനിച്ചത്. കാസർകോട് മുതൽ തിരൂർ വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് സിൽവർലൈൻ വരുന്നത്. തിരൂർ മുതൽ തിരുവനന്തപുരം വരെ അനേകം വളവുകളും മറ്റുമുള്ളതിനാൽ സമാന്തര പാത സാധ്യമല്ലെന്ന് പഠനത്തിൽ കണ്ടെത്തി. അതിൻറെ അടിസ്ഥാനത്തിലാണ് ഈ മേഖലയിൽ ഗ്രീൻ ഫീൽഡിൽ പുതിയ പാത ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്ത്യൻ റെയിൽവെയുടെ ഭാവി ഗതാഗത ആവശ്യങ്ങൾ ഒരുപരിധി വരെ നിറവേറ്റാൻ പറ്റുന്ന വിധത്തിലാണ് സിൽവർലൈൻ വിഭാവനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ ഭാവിയിൽ പുതിയ റെയിൽവേ ലൈനുകൾ ആവശ്യമായി വരില്ല. കേന്ദ്ര റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും സംയുക്തമായി തുടങ്ങിയ ഈ സംരംഭത്തിൻറെ ലക്ഷ്യവും അതുതന്നെയാണ്. മതിയായ വിഭവേശഷിയില്ലാത്ത റെയിൽവേ, അടിസ്ഥാന സൗകര്യ വികസനത്തിൽ നേരിട്ട് നിക്ഷേപം നടത്തുന്നതിന് പകരം ഇത്തരം സംയുക്ത സംരംഭങ്ങളിലൂടെയാണ് നിക്ഷേപം നടത്തുന്നത്. പല സംസ്ഥാനങ്ങളിലും സംയുക്ത സംരംഭത്തിൽ റെയിൽവേ വികസനം നടപ്പാക്കി വരുന്നുണ്ട്. തണ്ണീർതടങ്ങളും നെൽവയലുകളുമുള്ള സ്ഥലങ്ങളിൽ വയഡക്ടിലൂടെയാണ് (തൂണുകൾ) പാത പോകുന്നത്. മറ്റ് സ്ഥലങ്ങളിൽ മണ്ണ് ശക്തിപ്പെടുത്താനുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.