ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ കോവിഡ് പരിശോധന കുറയുന്നതിൽ ആശങ്കയറിയിച്ച് കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്തമാക്കി കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ കത്തയച്ചു. ഈ മാസം 22 വരെ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ശരാശരി 10,000 ആയിരുന്നു. പ്രതിദിന കൊവിഡ് ടെസ്റ്റുകൾ കുറയുന്നു എന്നതിനുദാഹരണമാണ് ഇതെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കുന്നത്.
നാഗാലാന്റ്, സിക്കിം, മഹാരാഷ്ട്ര, കേരളം, ഗോവ, മണിപ്പൂർ, മേഘാലയ, മിസോറാം, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ജമ്മുകശ്മീർ, ലഡാക്ക് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രസർക്കാർ കത്തയച്ചത്. കോവിഡ് പരിശോധന കൃത്യമായി നടക്കാത്തതിനാൽ യഥാർത്ഥ കണക്കുകൾ പുറത്തുവരുന്നില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡ് വാക്സിനേഷൻ പൂർത്തിയായിട്ടും യൂറോപിലടക്കം കൊവിഡ് കേസുകൾ നവംബർ മാസത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. നാഗാലാന്റിൽ ചില ജില്ലകളിൽ ആശങ്കാജനകമായ രീതിയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ശ്രദ്ധിക്കണമെന്നും കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി.
24മണിക്കൂറിനിടെ 9, 283 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 437 പേർക്ക് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. 1,11,481 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

