തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വില വർദ്ധനവിൽ ഇടപെടാൻ തീരുമാനിച്ച് കൃഷിവകുപ്പ്. വ്യാഴാഴ്ച്ച മുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി ശേഖരിക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം. കൃഷി മന്ത്രി പി പ്രസാദ് വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
തമിഴ്നാട്, കർണ്ണാടക സർക്കാരുമായി ചേർന്ന് കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ സംഭരിക്കാനാണ് തീരുമാനം. തമിഴ്‌നാട് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ വിളനാശമാണ് വില വർധനവിന് കാരണം.
ഇന്ധന വിലവർധനയുടെ പേരിൽ ഇടനിലക്കാർ ഇരട്ടിവിലയ്ക്കാണ് കേരളത്തിൽ പച്ചക്കറികളെത്തിച്ചു വിൽക്കുന്നത്. പൊള്ളാച്ചിയിൽ കിലോയ്ക്ക് 65 രൂപയാണ് തക്കാളിയുടെ വില. ഇത് പാലക്കാട് എത്തുമ്പോൾ 120 രൂപയാകും. പച്ചക്കറി വില നിയന്ത്രിക്കാൻ ഹോർട്ടികോർപ്പ് സാധ്യമായതെല്ലാം ചെയ്തുവരികയാണെന്ന് കൃഷി മന്ത്രി പി പ്രസാദ് നേരത്തെ അറിയിച്ചിരുന്നു.

