മൊഫിയ പർവീണിന്റെ ആത്മഹത്യ; കേസ് അന്വേഷണത്തിന് പുതിയ സംഘം

കൊച്ചി: നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണത്തിന് പുതിയ സംഘം. എറണാകുളം റൂറൽ ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി വി. രാജീവനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പഴയ ജില്ലാ ക്രൈം ബ്രാഞ്ചാണ് സി ബ്രാഞ്ച് എന്ന പേരിൽ അറിയപ്പെടുന്നത്. ആലുവ ഡിവൈഎസ്പി ശിവൻകുട്ടിക്കായിരുന്നു നേരത്തെ കേസിന്റെ അന്വേഷണ ചുമതല നൽകിയിരുന്നത്.

അതേസമയം കേസിലെ മൂന്ന് പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. കേസിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. കേസിൽ കൂടുതൽ അന്വേഷണം വേണ്ട സാഹചര്യത്തിലാണ് ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള പോലീസിൽ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതെന്ന് അധികൃതർ വ്യക്തമാക്കി.

തിങ്കളാഴ്ച്ച വൈകുന്നേരമാണ് നിയമ വിദ്യാർത്ഥിനിയായ മൊഫിയ ആത്മഹത്യ ചെയ്തത്. ഏഴ് മാസം മുൻപാണ് മുഹമ്മദ് സുഹൈലുമായി മൊഫിയയുടെ വിവാഹം കഴിഞ്ഞത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായതിനെ തുടർന്ന് വീട്ടുകാർ വിവാഹം നടത്തുകയായിരുന്നു. ഭർത്താവിന്റെ വീട്ടിൽ വെച്ച് മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായി മൊഫിയ പരാതി നൽകിയിരുന്നു. സ്ത്രീധനം വേണ്ടെന്നു പറഞ്ഞ് വിവാഹം നടത്തിയ ശേഷം 40 ലക്ഷം രൂപ ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.