ഹലാൽ വിവാദം സംഘപരിവാറിന്റെ അജണ്ട; വിമർശനവുമായി മുഖ്യമന്ത്രി

കണ്ണൂർ: ഹലാൽ വിവാദവുമായി ബന്ധപ്പെട്ട് സംഘപരിവാറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹലാൽ വിവാദം സംഘപരിവാറിന്റെ അജണ്ടയാണെന്ന് അദ്ദേഹം പറഞ്ഞു. ഹലാൽ വിവാദം ഉയർത്തുന്നത് ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ വേണ്ടിയാണെന്നും വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ധർമടം സിപിഎം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹലാൽ എന്നാൽ കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണം എന്നേ അർത്ഥമുള്ളൂ. ദേശീയ തലത്തിലുള്ള അജണ്ട കേരളത്തിലും നടപ്പാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. പാർലമെന്റിൽ നൽകുന്ന ഭക്ഷണത്തിലും ഹലാൽ മുദ്രയുണ്ട്. ഇക്കാര്യം അന്ന് ജോൺ ബ്രിട്ടാസ് എംപി ദേശാഭിമാനിയിൽ എഴുതിയിട്ടുണ്ടെന്നും ഇതോടെ ഹലാൽ വിവാദത്തിന്റെ പൊള്ളത്തരം എല്ലാവർക്കും മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.