കേരള ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റ് പി ജയരാജൻ

തിരുവനന്തപുരം: കേരള ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റ് സിപിഎം നേതാവ് പി ജയരാജൻ. ചെറിയാൻ ഫിലിപ്പിന്റെ പിന്മാറ്റത്തോടെയാണ് സർക്കാർ പാർട്ടി നേതൃനിരയിലെ പ്രധാനികളിലൊരാളായ പി.ജയരാജന് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം നൽകിയത്. ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുമെന്നാണ് ചുമതലയേറ്റ ശേഷം ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

ഡിസംബർ ഒന്നിന് വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ബോർഡ് യോഗം ചേർന്ന് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിൽ ഏറ്റവും പിന്നണിയിലുള്ളവർക്ക് ആശ്രയമായിട്ടുള്ള പ്രസ്ഥാനമാണ് ഖാദി. ഖാദി വ്യവസായത്തിലെ തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം. സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ് കുറഞ്ഞ വേതനം ലഭിച്ചിരുന്ന തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കാനായത്. സ്ത്രീകളടക്കം നിരവധി പേർക്ക് ജോലി ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇതിനായി പരിശ്രമങ്ങളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.