ന്യൂഡൽഹി: എയർടെലിനും വോഡാഫോൺ ഐഡിയയ്ക്കും പിന്നാലെ പ്രീപെയ്ഡ് നിരക്ക് വർധിപ്പിച്ച് റിലയൻസ് ജിയോ. പ്രീപെയ്ഡ് താരിഫുകൾക്ക് 21 ശതമാനം വരെ വർധനവാമ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.
91 രൂപയ്ക്ക് അടിസ്ഥാന പ്ലാനുകൾ ആരംഭിക്കും. ടെലികോം വ്യവസായത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കുന്ന നടപടികളുടെ ഭാഗമായാണ് നിരക്കിൽ മാറ്റം വരുത്തുന്നതെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. സുസ്ഥിര ടെലികോം വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധയുടെ ഭാഗമായാണ് നിരക്ക് വർധനവെന്നും ജിയോ പറഞ്ഞു. അതേസമയം കുറഞ്ഞ നിരക്കിൽ മികച്ച സേവനം നൽകുമെന്ന വാഗ്ദാനം തുടരുമെന്ന് കമ്പനി ഉപഭോക്താക്കൾക്ക് ഉറപ്പു നൽകുന്നു.
75 രൂപയായിരുന്ന അടിസ്ഥാന പ്ലാനിൽ 16 രൂപയുടെ വർധനവാണ് ഉണ്ടാകുന്നത്. 129 രൂപയുടെ പ്ലാൻ 26 രൂപ വർദ്ധിച്ച് 155 രൂപയായി. 149 രൂപയുടെ പ്ലാൻ 30 രൂപ വർദ്ധിച്ച് 179 രൂപയായി. 199 രൂപയുടെ പ്ലാൻ 40 രൂപ വർധിച്ച് 239 രൂപയായി ഉയർന്നു. 249 രൂപയുടെ പ്ലാൻ 50 രൂപ വർദ്ധിച്ച് 299 രൂപയായും 399 രൂപയുടെ പ്ലാൻ 80 രൂപ വർദ്ധിച്ച് 479 രൂപയായും ഉയർന്നു. 444 രൂപയുടെ പ്ലാൻ 533 ആയെന്നും കമ്പനി വ്യക്തമാക്കി.

