ഭാര്യയെ ഭർത്താവ് മർദ്ദിക്കുന്ന പ്രവർത്തിയെ ന്യായീകരിച്ച് രാജ്യത്തെ മുപ്പതു ശതമാനത്തിലധികം സ്ത്രീകൾ; കണക്കുകൾ ഇങ്ങനെ

ന്യൂഡൽഹി: ഭാര്യയെ ഭർത്താവ് മർദ്ദിക്കുന്ന പ്രവർത്തിയെ ന്യായീകരിച്ച് രാജ്യത്തെ മുപ്പതു ശതമാനത്തിലധികം സ്ത്രീകൾ. ദേശീയ കുടുംബ ആരോഗ്യ സർവേ(എൻ.എഫ്.എച്ച്.എസ്.) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെയുള്ള 18 സ്ഥലങ്ങളിൽ നടത്തിയ സർവേയിൽ 14 ഇടത്തെ 30 ശതമാനത്തിൽ അധികം സ്ത്രീകളാണ് ചില സാഹചര്യത്തിൽ ഭർത്താവ് ഭാര്യയെ മർദിക്കുന്നത് നീതീകരിക്കാമെന്ന് പറഞ്ഞത്. എന്നാൽ വളരെ കുറച്ച് പുരുഷന്മാർ മാത്രമാണ് ഇത്തരം പെരുമാറ്റം ശരിയാണെന്ന് അഭിപ്രായപ്പെട്ടതെന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അതേസമയം രണ്ട് സംസ്ഥാനങ്ങളിൽ 80 ശതമാനത്തിൽ അധികം സ്ത്രീകളും പുരുഷൻ ഭാര്യയെ മർദിക്കുന്നതിൽ ന്യായമുണ്ടെന്ന് വിശ്വസിക്കുന്നു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും 84 ശതമാനം സ്ത്രീകൾ വീതമാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചതെന്നാണ് സർവ്വേയിൽ വ്യക്തമാക്കുന്നത്. കർണാടകയിൽ 77 ശതമാനം സ്ത്രീകളാണ് ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നതിനെ അനുകൂലിക്കുന്നത്. കേരളത്തിൽ 52 ശതമാനം സ്ത്രീകളാണ് ഭാര്യയെ ഭർത്താവ് മർദ്ദിക്കുന്നതിനെ ന്യായീകരിക്കുന്നത്.

മണിപ്പുരിൽ 66% പേരും ജമ്മു കശ്മീരിൽ 49% പേരും മഹാരാഷ്ട്രയിൽ 44% ശതമാനം പേരും പശ്ചിമ ബംഗാളിൽ 42% ശതമാനം പേരും ഭാര്യയെ ഭർത്താവ് മർദ്ദിക്കുന്നതിൽ തെറ്റില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഭാര്യമാരെ ഭർത്താക്കന്മാർ മർദ്ദിക്കുന്നതിനെ ഏറ്റവും കുറച്ച് സ്ത്രീകൾ അനുകൂലിച്ചത് ഹിമാചൽ പ്രദേശിലാണ്. 14.8 ശതമാനം സ്ത്രീകളാണ് മർദ്ദിക്കുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടത്.

ഭാര്യയെ അടിക്കുകയോ ഇടിക്കുകയോ ചെയ്യുന്നതിന് ഭർത്താവിനെ ന്യായീകരിക്കാനാകുമോ എന്നാണ് എൻ.എഫ്.എച്ച്.എസ് സർവ്വേയ്ക്ക് ചോദിച്ച ചോദ്യം. ഇതിന് ചില സാഹചര്യങ്ങളും മുന്നോട്ടുവെച്ചിരുന്നു. ഭാര്യ തന്നോട് വിശ്വസ്ത പുലർത്തുന്നില്ല എന്ന സംശയം, ഭർത്താവിന്റെ മാതാപിതാക്കളെ ബഹുമാനിക്കാതിരിക്കുക, ഭർത്താവുമായി തർക്കിക്കുക, ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മിതിക്കുക, ഭർത്താവിനോട് പറയാതെ പുറത്തുപോവുക, വീടും കുട്ടികളയെും ശ്രദ്ധിക്കാതിരിക്കുക, നന്നായി ഭക്ഷണം പാകം ചെയ്യാതിരിക്കുക തുടങ്ങിയവയായിരുന്നു ഈ കാരണങ്ങൾ.