ബൗ..ബൗ..ഫെസ്റ്റ്; തെരുവുനായക്കുഞ്ഞുങ്ങളെ ദത്തെടുക്കാൻ സൗകര്യമൊരുക്കി കോഴിക്കോട് കോർപ്പറേഷൻ

കോഴിക്കോട്: തെരുവുനായക്കുഞ്ഞുങ്ങളെ ദത്തെടുക്കാൻ സൗകര്യമൊരുക്കി കോഴിക്കോട് കോർപ്പറേഷൻ. ടാഗോർ ഹാളിൽ ദത്തെടുക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണ് കോഴിക്കോട് കോർപ്പറേഷൻ.

‘ബൗ..ബൗ..ഫെസ്റ്റ്’ എന്ന പേരിലാണ് കോഴിക്കോട് കോർപ്പറേഷൻ ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ വെച്ച് അമ്പതോളം തെരുവുനായക്കുഞ്ഞുങ്ങളെ കോർപ്പറേഷൻ ആവശ്യക്കാർക്കു കൈമാറി. പേവിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുത്ത നായക്കുട്ടികളെയാണ് ആവശ്യക്കാർക്ക് കൈമാറിയത്. താത്പര്യമുള്ളവർക്ക് രജിസ്‌ട്രേഷനുള്ള സൗകര്യം മുൻകൂട്ടി ഒരുക്കിയിരുന്നു. ഇഷ്ടപ്പെട്ട നായക്കുട്ടികളെ തെരഞ്ഞെടുത്ത ശേഷം ഡോക്ടർമാർ ഇവയെ പരിശോധിച്ച് നിർദേശങ്ങൾ നൽകി. വാക്‌സിൻ സ്വീകരിക്കാൻ പ്രായമായ എല്ലാ നായക്കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകുകയും ചെയ്തു.

നായക്കുട്ടികളെ കൈപ്പറ്റുന്നവർ ലൈസൻസ് ഉൾപ്പെടെ നിയമപരായ എല്ലാ നിബന്ധനകളും പാലിക്കണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. ഇവയുടെ പരിപാലനവും വളർച്ചയും നിശ്ചിത ഇടവേളകളിൽ അധികൃതർ പരിശോധിച്ച് വിലയിരുത്തുന്നതായിരിക്കും. തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി കോർപറേഷന്റെ നേതൃത്വത്തിൽ പൂളക്കടവിൽ രണ്ടു വർഷമായി ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) ആശുപത്രി പ്രവർത്തിക്കുന്നുണ്ട്.

അതേസമയം തെരുവുനായ ശല്യം ഒഴിവാക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് മേയർ ബീന ഫിലിപ്പ് ഉറപ്പു നൽകിയിരുന്നു. ഇതിന്റെ ആദ്യപടി ആയാണ് ബൗ ബൗ ഫെസ്റ്റ് സംഘടിപ്പിച്ചത്. മൃഗസംരക്ഷണ രംഗത്തെ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സജ്ജമാക്കിയത്.