സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വീണ്ടും വർധനവ്; തക്കാളി വില നൂറു കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വീണ്ടും വർധനവ്. തക്കാളിക്ക് ഉൾപ്പെടെ വലിയ വില വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറുപതു രൂപയിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിയ്ക്ക് ഇപ്പോൾ നൂറു രൂപയിലധികമാണ് വില. അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലക്കയറ്റത്തിന്റെ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

നേരത്തെ സർക്കാർ ഇടപെട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി നേരിട്ടെത്തിച്ചതോടെ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി വാങ്ങി വിൽപ്പന ആരംഭിച്ചതിന് പിന്നാലെയാണ് വില കുറയാൻ തുടങ്ങിയത്. എന്നാൽ തിരുവനന്തപുരത്ത് ഉൾപ്പെടെ ഇന്ന് തക്കാളി വില നൂറു രൂപ കടക്കുകയായിരുന്നു. തിരുവനന്തപുരം പാളയം മാർക്കറ്റിൽ മുരിങ്ങക്കയ്ക്ക് 200 രൂപയും വെണ്ടയ്ക്കക്ക് 60 രൂപയും പാവയ്ക്കയ്ക്ക് 80 രൂപയുമാണ് വില.

അതേസമയം കോഴിക്കോട് ജില്ലയിലും പച്ചക്കറി വില ഉയരുകയാണ്. വില കുത്തനെ കൂടിയെങ്കിലും പിടിച്ചുനിർത്താനുള്ള ശ്രമം ഹോർട്ടികോർപ്പ് തുടരുന്നുണ്ട്. കഴിഞ്ഞ തിങ്കളാള്ച മുതൽ ശരാശരി 80 ടൺ പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമായി ഹോർട്ടികോർപ്പ് കേരളത്തിലെത്തിക്കുന്നുണ്ട്. തക്കാളിക്ക് 56 രൂപയും, മുരിങ്ങയ്ക്കിക്ക് 89 രൂപയും വെണ്ടക്കയ്ക്ക് 31 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ ഹോർട്ടികോർപ്പ് വില. ഇതേ നിരക്കിൽ വിൽപ്പന തുടരാനും കൂടുതൽ ലോഡ് എത്തിക്കാനുമാണ് ഹോർട്ടികോർപ്പിന്റെ പദ്ധതി.