വൈദ്യുത വാഹനങ്ങളുടെ ആവശ്യകത രാജ്യത്ത് വർദ്ധിക്കണമെങ്കിൽ വില കുറയണം; സബ്‌സിഡി തുക മതിയാകില്ലെന്ന് മാരുതി

ന്യൂഡൽഹി: വൈദ്യുത വാഹനങ്ങളുടെ ആവശ്യകത രാജ്യത്ത് വർദ്ധിക്കണമെങ്കിൽ വില കുറയണമെന്ന് മാരുതി സുസുക്കിയുടെ സെയ്ൽസ് ആൻഡ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ. വൈദ്യുത വാഹനങ്ങളുടെ വില കുറയാത്തിടത്തോളം ഇന്ത്യയിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ആവശ്യക്കാരുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും വൈദ്യുത വാഹനങ്ങൾക്ക് സബ്‌സിഡി നൽകുന്നുണ്ടെങ്കിലും വാഹനങ്ങളുടെ വില കുറയാൻ ഈ സബ്‌സിഡി തുക മതിയാകില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നു. എല്ലാക്കാലത്തും സർക്കാരിന് സബ്‌സിഡി നൽകാൻ സാധിക്കില്ലെന്നും സബ്‌സിഡി നിർത്താലാക്കുന്നതോടെ ഈ വാഹനങ്ങൾക്ക് വീണ്ടും ആവശ്യക്കാർ കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് കാറിന്റെ ബാറ്ററിയുടെ വില കുറയാൻ വേണ്ട നടപടികളാണ് സർക്കാർ കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം അറിയിച്ചു.കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ധനവില വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ വിപണന സാധ്യത വർധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ നിലവിലെ അവസ്ഥയിൽ 2030 ആയാലും ഇന്ത്യയുടെ മൊത്തം വാഹനങ്ങളുടെ എട്ട് മുതൽ പത്ത് ശതമാനം വരെ മാത്രമേ വൈദ്യുത വാഹനങ്ങൾ ഉണ്ടാവുകയുള്ളൂവെന്നും അതിന് കാരണം വൈദ്യുത വാഹനങ്ങളുടെ ഉയർന്ന വിലയാണെന്നും അദ്ദേഹം പറയുന്നു.