ആറ് വർഷത്തിനിടെ മൂന്ന് ലക്ഷത്തിലധികം കുട്ടികളെ കാണാതായി; കണക്കുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ

തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞ ആറ് വർഷത്തിനിടെ കാണാതായ കുട്ടികളുടെ കണക്ക് പുറത്തുവിട്ട് കേന്ദ്രസർക്കാർ. ആറു വർഷത്തിനിടെ മൂന്ന് ലക്ഷത്തിലധികം കുട്ടികളെ കാണാതായെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി അറിയിച്ചത്. ഇതിൽ 2.7 ലക്ഷം കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. പാർലമെന്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2015 മുതൽ 2020 വരെയുള്ള കണക്കുകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. 80,633 കുട്ടികളെയാണ് 2015-ൽ കാണാതായത്. 2020 ൽ 39,362 കുട്ടികളെ കാണാതായി. 2019 ൽ 49,267 കുട്ടികളെ കാണാതായതിൽ 44,289 പേരെ കണ്ടെത്തി. 2018-ൽ 48,873 കുട്ടികളെ കാണാതാകുകയും 40,296 കുട്ടികളെ കണ്ടെത്തുകയും ചെയ്തുവെന്നും മന്ത്രി വിശദമാക്കി. രാജ്യത്ത് നിന്നും കാണാതായ കുട്ടികളെയും പിന്നീട് കണ്ടെത്തിയവരെയും സംബന്ധിച്ച വിവരങ്ങൾ അറിയാനായി ‘ട്രാക്ക് ദി മിസ്സിംഗ് ചൈൽഡ്’ എന്ന പോർട്ടൽ മന്ത്രാലയം വികസിപ്പിച്ചിട്ടുണ്ട്.

കാണാതാകുന്ന കുട്ടികളെയും കണ്ടെത്തിയവരെയും കുറിച്ചുള്ള വിവരങ്ങൾ പൊലീസ് സ്റ്റേഷനുകൾ, ജുവനൈൽ ജസ്റ്റിസ് ബോർഡുകൾ, ശിശു സംരക്ഷണ സ്ഥാപനങ്ങൾ എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.