സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യാനുള്ള ശുപാർശ പരിഗണനയിൽ; ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി സർക്കാർ

കൊച്ചി: സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യാനുള്ള ശുപാർശ പരിഗണനയിലുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. വീഴ്ച വരുത്തുന്ന മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ കഴിയുന്ന വിധത്തിലുള്ള ശുപാർശ ലഭിച്ചിട്ടുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കോടതി ഉത്തരവുണ്ടായിട്ടും മാവേലിക്കര സഹകരണ ബാങ്ക് സ്ഥിര നിക്ഷേപം തിരികെ നൽകിയില്ലെന്ന കോടതിയലക്ഷ്യ നടപടികൾ പരിഗണിക്കവേയാണ് സർക്കാർ നിലപാട് അറിയിച്ചത്.

ബാങ്കിലെ മൂന്ന് വനിതാ ജീവനക്കാർ നടത്തിയ ക്രമക്കേടിനെ തുടർന്നാണ് മാവേലിക്കര സഹകരണ ബാങ്ക് പ്രതിസന്ധിയിലായത്. മുൻഭരണ സമിതിക്കും ജീവനക്കാർക്കും എതിരെ ക്രിമിനൽ കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം സഹകരണ നിയമവുമായി ബന്ധപ്പെട്ട സർക്കാർ നടപടി അഭിനന്ദനാർഹമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. വീഴ്ച വരുത്തുന്ന മാനേജിങ് കമ്മിറ്റി അംഗങ്ങൾക്കെതിരെ നഷ്ട ഉത്തരവാദിത്ത നടപടികളും ക്രിമിനൽ നടപടികളും വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടന്നും ഇക്കാര്യത്തിൽ ക്രിയാത്മ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് ശരിയായ നടപടിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സഹകരണ രജിസ്ട്രാർ പി ബി നൂഹിനെതിരായ കോടതിയലക്ഷ്യ നടപടികളും അവസാനിപ്പിച്ചു. കോടതി ഉത്തരവ് നടപ്പാക്കിയ സാഹചര്യത്തിലാണ് നടപടി. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് തുടരുമെന്നും സർക്കാർ വ്യക്തമാക്കി.