കൊച്ചി: സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസുകാരിയെയും അച്ഛനെയും പരസ്യവിചാരണ നടത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നടപടി. പോലീസ് ഉദ്യോഗസ്ഥയ്ക്ക് കുട്ടിയെ പരിശോധിക്കാൻ എന്താണ് അവകാശമെന്നാണ് കോടതി ചോദിച്ചത്. സർക്കാർ കേസ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് എന്തിനെന്നാണെന്നും ബാലനീതി നിയമപ്രകാരം കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു.
നമ്മുടെ ആരുടെയെങ്കിലും മക്കൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ എങ്ങനെ സഹിക്കും. പെൺകുട്ടി പോലീസുകാരിയെ ആന്റി എന്നാണ് വിളിക്കുന്നത്. എത്ര നിഷ്‌കളങ്കമായാണ് പെൺകുട്ടി സംസാരിക്കുന്നതെന്നും കോടതി പറഞ്ഞു. സംഭവം കുട്ടിയിൽ മാനസികാഘാതം ഉണ്ടാക്കിയെന്നത് യാഥാർത്ഥ്യമാണ്. കുട്ടിയെ പരിശോധിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റിനോട് അടുത്ത പോസ്റ്റിംഗിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാകാനും കോടതി നിർദ്ദേശം നൽകി. അതേസമയം പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോർട്ട് നൽകിയ ഡിജിപിക്കെതിരെയും കോടതി വിമർശനം ഉന്നയിച്ചു. കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പല കേസുകളിലും ഇത് കാണുന്നുണ്ടെന്നായിരുന്നു കോടതിയുടെ പരാമർശം.
ജനങ്ങൾ കൂടിയതുകൗണ്ടാണ് പെൺകുട്ടി കരഞ്ഞത് എന്ന വാദം ശരിയല്ല. പോലീസുദ്യോഗസ്ഥയുടെ മോശം പെരുമാറ്റം കൊണ്ടുകൂടിയാണ് കുട്ടി കരഞ്ഞത്. ദൃശ്യങ്ങളിൽ കാണുന്നതും സർക്കാർ റിപ്പോർട്ടിൽ പറയുന്നതും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും ഉദ്യോഗസ്ഥയ്ക്കെതിരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് പൂർണ്ണമല്ലെന്നും കോടതി വിശദമാക്കി. കേസ ഡിസംബർ 15 ന് കോടതി വീണ്ടും പരിഗണിക്കും.

