തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നു. ഇതുസംബന്ധിച്ച പൊലീസ് മേധാവിയുടെ നിർദേശങ്ങൾക്ക് ആഭ്യന്തര വകുപ്പ് അംഗീകാരം നൽകി. ആഭ്യന്തര വകുപ്പ് സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
സുരക്ഷാ ചുമതലയുള്ള ഡി.ഐ.ജിയുടെ കീഴിൽ വിവിധ വകുപ്പുകളുടെ സമിതി രൂപികരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കാനും തീരുമാനിച്ചു. ഇതിനായി പുതിയ തസ്തിക സൃഷ്ടിക്കുന്ന കാര്യം പൊതുഭരണ വകുപ്പ് വിഭാഗവുമായി ആഭ്യന്തര വകുപ്പ് ചർച്ച ചെയ്തു വരികയാണ്. ആഭ്യന്തര വകുപ്പ് ഡി.ജി.പിക്കു നൽകിയ കത്തിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. ഇസഡ് പ്ലസ് സുരക്ഷയാണു മുഖ്യമന്ത്രിക്കു നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം പോലീസ് വിലക്കുകൾ ലംഘിച്ച് യൂത്ത് കോൺഗ്രസ് മാർച്ച് ക്ലിഫ് ഹൗസിനു മുന്നിലെത്തിയതോടെയാണ് സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനം സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. പോലീസിന്റെ കണ്ണുവെട്ടിച്ച് ക്ലിഫ് ഹൗസിന്റെ ഗേറ്റ് വരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. തുടർന്ന് അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു.

