കണ്ണൂർ: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നിർബന്ധിപ്പിച്ച് കുട്ടികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളകുട്ടി. ബാബർ ബ്രിട്ടീഷ്‌കാരനെ പോലെ ഭാരതത്തിന്റെ ശത്രുവാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ചരിത്രം അറിയാതെ നിങ്ങൾ കുഞ്ഞുമക്കളുടെ നെഞ്ചത്ത് കേറി കളിക്കരുത്. അത് ദേശസ്‌നേഹികൾ പൊറുക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്‌കൂളിലേക്ക് പോവുകയായിരുന്നു വിദ്യാർത്ഥികളെ നടുറോഡിൽ തടഞ്ഞു നിർത്തിയായിരുന്നു പോപ്പുലർ ഫ്രണ്ടുകാരുടെ അതിക്രമം. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഞാൻ ബാബറി എന്ന സ്റ്റിക്കർ കുട്ടികളുടെ നെഞ്ചത്ത് പതിപ്പിക്കുകയായിരുന്നു. പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ് ജോർജ് സ്‌കൂളിലെ പിഞ്ചുവിദ്യാർത്ഥികളെയാണ് തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് ഇത്തരത്തിൽ സ്റ്റിക്കർ പതിപ്പിച്ചത്. കുട്ടികളിൽ പലരും ഇതു വേണ്ടെന്ന് അറിയിച്ചെങ്കിലും പോപ്പുലർ ഫ്രണ്ടുകാർ ബലം പ്രയോഗിച്ച് സ്റ്റിക്കർ പതിപ്പിക്കുയായിരുന്നു.
സിപിഎമ്മും എസ്ഡിപിഐയും ഒന്നിച്ചു ഭരിക്കുന്ന പഞ്ചായത്തിലാണ് സംഭവം. വിഷയം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പോലീസോ സർക്കാരോ നടപടികൾ സ്വീകരിക്കാത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ദേശീയ അന്വേഷണ കമ്മീഷനും പരാതി നൽകി.
അതേസമയം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നിർബന്ധിപ്പിച്ച് കുട്ടികളെ ബാബറി ബാഡ്ജ് ധരിപ്പിച്ചതിൽ ദേശീയ ബാലാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചു. സംഭവത്തിൽ പത്തനംതിട്ട എസ്പിയോട് റിപ്പോർട്ട് തേടുമെന്ന് കമ്മീഷൻ ചെയർപേഴസൺ പ്രിയങ്ക് കനുംഗോ വ്യക്തമാക്കി.

