പൊതുഗതാഗതം പുനരാരംഭിച്ചാലും സ്വകാര്യ ബസുകൾ പൂർണ്ണമായി സർവ്വീസ് നടത്തില്ല; അധിക നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ

ത്യശൂർ: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി പൊതു ഗതാഗതം പുനരാരംഭിച്ചാലും സ്വകാര്യ ബസുകൾ പൂർണ തോതിൽ സർവീസ് നടത്തില്ല. ട്രയൽ റൺ എന്ന നിലയിൽ ഏതാനും ബസുകൾ മാത്രമേ ഓടുകയുള്ളൂവെന്നാണ് വിവരം. ആദ്യ ഘട്ടമെന്ന നിലയിൽ 10 ശതമാനത്തിൽ താഴെ മാത്രം ബസുകൾ നാളെ മുതൽ നിരത്തിലിറക്കാനാണ് ബസ് ഉടമകൾ തീരുമാനിച്ചിരിക്കുന്നത്.

യാത്രക്കാരുടെ വർധനവും കളക്ഷനും വിലയിരുത്തിയതിനു ശേഷമേ കൂടുതൽ ബസുകൾ ഓടിക്കാനാവൂവെന്നാണ് ബസ് ഉടമകളുടെ നിലപാട്. എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചാൽ മാത്രമേ ബസുകൾ സർവീസ് നടത്തിയിട്ട് കാര്യമുള്ളൂവെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.കെ സേതുമാധവൻ വ്യക്തമാക്കി. തൃശൂർ ജില്ലയിൽ 1700 ഓളം സ്വകാര്യ ബസുകളാണ് സർവ്വീസ് നടത്തുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി കാരണം പകുതിയോളം ബസുകൾ മാത്രമായിരുന്നു സർവ്വീസ് നടത്തിയിരുന്നത്.

കോവിഡ് വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും മൂലം വലിയ പ്രതിസന്ധിയാണ്് സ്വകാര്യ ബസ് മേഖല നേരിടുന്നത്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ യാത്രക്കാരുടെ എണ്ണം കുറച്ച് സർവ്വീസ് നടത്തുകയെന്നത് വലിയ നഷ്ടമാണെന്നാണ് ബസുടമകൾ പറയുന്നത്. അധിക നികുതി ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.

സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് നഷ്ടം സഹിച്ചും സ്വകാര്യ ബസുകൾ സർവ്വീസുകൾ നടത്തുന്നതെന്നാണ് ഉടമകൾ പറയുന്നത്. നികുതി ഇനത്തിൽ ഇളവ് നൽകാതെയും ഇന്ധന സബ്സിഡി അനുവദിക്കാതെയും ബസ് വ്യവസായം മുന്നോട്ട് കൊണ്ടു പോകാനാവില്ലെന്നും ഇൻഷൂറൻസ് അടയ്ക്കാനുള്ള സമയം നീട്ടി നൽകണമെന്നും ഇവർ വ്യക്തമാക്കുന്നു. ഒരു വർഷത്തോളമായി സർവ്വീസ് നടത്താതിരിക്കുന്ന ബസുകൾ നിരത്തിലിറക്കണമെങ്കിൽ അറ്റകുറ്റപ്പണികൾ നടത്തണം. ഇതിന് തന്നെ ലക്ഷക്കണക്കിന് രൂപ വേണ്ടി വരും.