ഏകോപനത്തോടെയുള്ള സമഗ്ര അന്വേഷണമാണ് ലക്ഷ്യം; കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് എഡിജിപി ശ്രീജിത്ത്

വയനാട്: മരംമുറി കേസുമായി ബന്ധപ്പെട്ട് റവന്യൂ, വനം വകുപ്പുകളടക്കമുള്ളവയുടെ ഏകോപനത്തോടെയുള്ള സമഗ്രമായ അന്വേഷണമാണ് ലക്ഷ്യമിടുന്നതെന്ന് എഡിജിപി എസ് ശ്രീജിത്ത്. നിരാലംബരായ ആളുകൾ മരംവെട്ടുന്നതും, മരംകൊള്ളക്കാരുടെ മാഫിയ തടിവെട്ടിക്കടത്തുന്നതും വെവ്വേറെ കാണാൻ അന്വേഷണസംഘത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മരംമുറിയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ എല്ലാവരെയും അന്വേഷണപരിധിയിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

റവന്യൂ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് നടന്ന മരം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വയനാട്ടിലെത്തിയിരുന്നു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിലെത്തിയത്. ഉന്നത ഉദ്യോഗസ്ഥരുമായി ക്രൈംബ്രാഞ്ച് സംഘം ചർച്ച നടത്തി. ധനേഷ് കുമാറിന്റെ നേതൃത്വത്തിൽ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും, വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ ഷാന്റി ടോം, രണ്ട് റവന്യൂ ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

മരം മുറിയിൽ റോജി അഗസ്റ്റിൻ അടക്കമുള്ളവരുടെ ഇടപെടലിനെ കുറിച്ചും ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായത്തെ കുറച്ചും ക്രൈംബ്രാഞ്ച് സംഘം വിശദമായി പരിശോധിക്കുമെന്നാണ് വിവരം.