കർണാടക നിയമസഭയിൽ നാടകീയ രംഗങ്ങൾ; മതപരിവർത്തന നിരോധന ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞ് ഡി കെ ശിവകുമാർ

ബംഗളുരു: കർണാടക നിയമസഭയിൽ മതപരിവർത്തന നിരോധന ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ. കോൺഗ്രസ്, ജെഡിഎസ് അംഗങ്ങളുടെ പ്രതിഷേധത്തിനിടയിലാണ് കർണാടക നിയമസഭയിൽ മതപരിവർത്തന നിരോധന ബിൽ പാസായത്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിനിധികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കോൺഗ്രസ് ജെഡിഎസ് അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങിയാണ് ബില്ലിനെതിരെ പ്രതിഷേധിച്ചത്.

ബില്ല് പാസാക്കുക തന്നെ ചെയ്യുമെന്നാണ് കർണാടക സർക്കാർ അറിയിച്ചിരിക്കുന്നത്. മതംമാറ്റത്തിന് സങ്കീർണമായ നടപടികളും കടുത്ത ശിക്ഷയും നിർദേശിക്കുന്നതാണ് ബില്ല്. രഹസ്യമായി മത അധിനിവേശമാണ് നടക്കുന്നതെന്നും ഇത് സർക്കാരിന് അനുവദിക്കാനാകില്ലെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.

അതേസമയം സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി ക്രൈസ്തവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ തീ കൊണ്ട് കളിക്കുകയാണെന്നാണ് ബംഗ്ലൂരു ആർച്ച് ബിഷപ്പ് പറയുന്നത്. ബില്ല് മതസ്വാതന്ത്രത്തിനുള്ള അവകാശം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടികാട്ടി സംസ്ഥാനവ്യാപക പ്രതിഷേധം നടത്താനാണ് ക്രൈസ്തവ സംഘടനകളുടെ തീരുമാനം.