പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ തന്നെ നിലനിർത്തുന്നതാണ് ഉചിതം; കെ കെ ശൈലജ

കോഴിക്കോട്: പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസിൽ നിന്നും 21 വയസാക്കി ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി മുൻമന്ത്രി കെ കെ ശൈലജ. പ്രായപൂർത്തിയാകുന്നതോടെ ഒരു വ്യക്തി സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രാപ്തരാകുമെന്ന് ശൈലജ പറഞ്ഞു. പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ തന്നെ നിലനിർത്തുന്നതാണ് ഉചിതമെന്നും കെ കെ ശൈലജ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ രാജ്യം ഇപ്പോഴും പിന്നിലാണ്. സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹപ്രായം ഉയർത്തുകയല്ല വേണ്ടതെന്നും ശൈലജ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള കരട് ബില്ലിന് ബുധനാഴ്ച്ചയാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. വിവിധ രാഷ്ട്രീയകക്ഷികളും വനിതാസംഘടനകളും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ നിരവധി പേരാണ് ബില്ലിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിൽ എതിർപ്പ് അറിയിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ വ്യവസ്ഥയെ തകർക്കുന്ന തീരുമാനം എന്നും വിപരീത ഫലം മാത്രമേ ഉണ്ടാക്കൂവെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ അറിയിക്കുന്നത്. പോഷകാഹാരം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ സ്ത്രീശാക്തീകരണത്തിന്റെ പേരിൽ നടത്തുന്ന നീക്കം ഫലപ്രദമല്ലെന്നും അസോസിയേഷൻ വിലയിരുത്തുന്നു.

ലിംഗസമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കി കുറക്കണമെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആവശ്യപ്പെടുന്നത്. സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന തീരുമാനം തീർത്തും തെറ്റാണെന്നാണ് ബൃന്ദാ കാരാട്ടിന്റെ നിലപാട്. കേന്ദ്ര സർക്കാരിന്റെ തീരുമാനം വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പോഷകാഹാരത്തിനും വേണ്ടിയുള്ള സംവിധാനങ്ങളൊരുക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ബൃന്ദാ കാരാട്ട് കൂട്ടിച്ചേർത്തു.