എസ്ഡിപിഐ പ്രവർത്തകരെ കൊണ്ട് പൊലീസ് ജയ് ശ്രീറാം വിളിപ്പിച്ചു എന്ന് തെളിയിച്ചാൽ രാജിവെക്കും; എഡിജിപി വിജയ് സാഖറേ

ആലപ്പുഴ: എസ്ഡിപിഐ പ്രവർത്തകരെ കൊണ്ട് പൊലീസ് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു എന്ന് തെളിയിച്ചാൽ രാജിവെക്കുമെന്ന് എഡിജിപി വിജയ് സാഖറേ. ഇതു സംബന്ധിച്ച നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ് നേതാവ് രഞ്ജിത്തിന്റെ വധക്കേസിൽ പിടിയിലായ അഞ്ചുപേർ കൊലപാതകികളെ സഹായിച്ചവരാണ്. കൊലയാളി സംഘങ്ങളിൽ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രതികൾക്കായുള്ള അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പ്രവർത്തകരെ കൊണ്ട് പോലീസ് ജയ് ശ്രീറാം വിളിപ്പിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്ഡിപിഐ പരാതിയും നൽകിയിരുന്നു. ആസിഫ്, നിഷാദ്, അലി, സുധീർ, അർഷാദ് എന്നീ എസ്ഡിപിഐ പ്രവർത്തകരെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഉപയോഗിച്ച നാലു ബൈക്കുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.