കൊച്ചി: പി ടി തോമസിന് വിട നൽകി കേരളം. പി ടിയുടെ അന്ത്യാഭിലാക്ഷം പോലെ രവിപുരം ശ്മശാനത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്നത് സംബന്ധിച്ച് പി ടി തോമസ് മാസങ്ങൾക്ക് മുൻപ് തന്നെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മൃതദേഹത്തിൽ റീത്തുകൾ വെക്കരുത്, പൊതുദർശനത്തിനു വെക്കുമ്പോൾ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം…’ എന്ന ഗാനം പശ്ചാത്തലത്തിൽ വേണം, രവിപുരം പൊതുശ്മശാനത്തിൽ ദഹിപ്പിക്കണം, ചിതാഭസ്മത്തിൽ ഒരുഭാഗം അമ്മയുടെ കല്ലറയിൽ സമർപ്പിക്കണം, കണ്ണുകൾ ദാനം ചെയ്യണം തുടങ്ങിയ ആഗ്രഹങ്ങളാണ് അദ്ദേഹം സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നത്..
പൊലീസിന്റെ ഗാർഡ് ഓഫ് ഓണറോടെ പൂർണ്ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു പി ടി തോമസിന്റെ സംസ്‌കാര ചടങ്ങുകൾ. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാനായി നിരവധി പേരാണ് എത്തിയത്. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി് മുഖ്യമന്ത്രി പിണറായി വിജയനും പി ടി തോമസിന് ആദരാഞ്ജലികൾ അർപ്പിച്ചു. രാഹുൽ ഗാന്ധി, ഉമ്മൻചാണ്ടി, കെ.സി.ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്ഥാന തലത്തിൽ മാത്രമല്ല ദേശീയ തലത്തിലും കോൺഗ്രസിന് വലിയ നഷ്ടമാണ് പി.ടിയുടെ വിയോഗത്തോടെ ഉണ്ടായതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മതേതര നിലപാടുകൾ ഉയർത്തിപ്പിടിച്ച് വിവിധ സമുദായങ്ങളിലുള്ള ജനങ്ങളെ ഒരുമിപ്പിച്ച് നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പി.ടി നൽകിയ ഊർജ്ജം ചെറുതല്ലെന്നും തനിക്കും ഓരോ കോൺഗ്രസ് പ്രവർത്തകനും അത് മഹത്തായ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. പി ടി യുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ബുധനാഴ്ച്ച രാവിലെയാണ് പി ടി തോമസ് അന്തരിച്ചത്. അർബുദത്തിന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. തൃക്കാക്കര എംഎൽഎ ആണ് പി.ടി തോമസ്. കെ പി സി സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും 2009-2014 ലോക്സഭയിൽ അംഗവുമായിരുന്ന കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമാണ് അദ്ദേഹം.
നട്ടെല്ലിൽ ക്യാൻസർ ബാധ ഉണ്ടായതിനെ തുടർന്നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമന്ന നിലപാടിനെതിരെ കടുത്ത എതിർപ്പുയർന്നപ്പോഴും പി ടി ഉറച്ചു തന്നെ നിന്നിരുന്നു

