കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് വധഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് വധഭീഷണി. മാവോയിസ്റ്റുകളാണ് ഗോപിനാഥ് രവീന്ദ്രനെതിരെ വധഭീഷണി മുഴക്കിയത്.

കബനീ ദളമെന്ന പേരിൽ തപാൽ വഴി എത്തിയ കത്തിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഗോപിനാഥ് രവീന്ദ്രനെതിരെ അതിരൂക്ഷമായ പരാമർശങ്ങളാണ് കത്തിലുള്ളത്. ഗോപിനാഥ് രവീന്ദ്രന്റെ ശിരസ് വെട്ടി കണ്ണൂർ സർവകലാശാലയുടെ വളപ്പിൽ വയ്ക്കുമെന്നാണ് ഭീഷണി സന്ദേശം.

മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് വഴിവിട്ട നിയമനം നൽകിയാൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്തുള്ള പോസ്റ്റ് ബോക്‌സിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.