കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെതിരെ ഉത്തരവുമായി കേരള ഹൈക്കോടതി. കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ല് സ്ഥാപിക്കുന്നതിനെതിരെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളങ്ങളുള്ള തൂണുകൾ സ്ഥാപിക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. എന്നാൽ കെ റെയിൽ പദ്ധതിയ്ക്കായി സർവ്വേ ആൻഡ് ബൗണ്ടറിസ് ആക്ട് പ്രകാരം സർവേ തുടരാൻ അധികൃതർക്ക് കഴിയുമെന്നും കോടതി അറിയിച്ചു.
സർവ്വേ ആൻഡ് ബൗണ്ടറീസ് ആക്ടിൽ പറയുന്ന 60 സെന്റിമീറ്റർ നീളമുള്ള കല്ലുകൾ മാത്രമേ സർവ്വേ നടത്തുമ്പോൾ സ്ഥാപിക്കാൻ കഴിയൂവെന്നും കോടതി പറഞ്ഞു. കെ റെയിൽ പദ്ധതിക്ക് ഇതുവരെ കേന്ദ്ര സർക്കാരിന്റെ അംഗീകാരം കിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണ് ഹർജി സമർപ്പിച്ചത്. കെ റെയിൽ പദ്ധതിക്കായുളള കല്ലിടലിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നിരുന്നു. കോഴിക്കോട് ചെറുവണ്ണൂരിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കല്ലിടാനാകാതെ കെ റെയിൽ സംഘം മടങ്ങിയിരുന്നു. അതേസമയം സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായാണ് കല്ലിടലെന്നും ഭൂമിയേറ്റെടുക്കൽ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നുമാണ് കെ റെയിൽ അധികൃതർ വിശദീകരിച്ചത്.
സിൽവർ ലൈൻ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും കല്ലിടലിനായുളള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നടപടികൾ പൂർത്തിയാക്കാൻ സ്പെഷ്യൽ തഹസിൽദാർമാരെയും നിയോഗിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം കല്ലിടൽ നടന്നത്. ഏഴ് വില്ലേജുകളിലായി 22 കിലോമീറ്റർ നീളത്തിൽ അറുന്നൂറോളം കല്ലുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

