മിനിമം വേതനവുമായി ബന്ധപ്പെട്ട തീരുമാനം വൈകിപ്പിക്കില്ല; പരമാവധി വേഗത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: മിനിമം വേതനവുമായി ബന്ധപ്പെട്ട തീരുമാനം വൈകിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിനിമം വേതനം നിശ്ചയിക്കാൻ വിദഗ്ധ സമിതിക്ക് മൂന്ന് വർഷം കാലാവധി നിശ്ചയിക്കുന്നത് തീരുമാനം വൈകിപ്പിക്കാനാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെ കേന്ദ്രം ഇക്കാര്യം വിശദീകരിച്ചത്.

വിദഗ്ധ സമിതി പരമാവധി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കും. കാലാവധി മൂന്ന് വർഷമാക്കിയത് മിനിമം വേതനം നിശ്ചയിച്ച ശേഷവും സമിതിയോട് പല കാര്യത്തിലും അഭിപ്രായം തേടേണ്ടി വരുമെന്നത് കൊണ്ടാണെന്നും കേന്ദ്രം അറിയിച്ചു. ജൂൺ മൂന്നിനാണ് മിനിമം വേതനം നിശ്ചയിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. സാമ്പത്തിക വിദഗ്ദ്ധൻ അജിത് മിശ്രയാണ് വിദഗ്ധ സമിതിയുടെ അധ്യക്ഷൻ. മൂന്ന് വർഷമാണ് വിദഗ്ധ സമിതിയുടെ കാലാവധി.