തിരുവനന്തപുരം: സസ്‌പെൻഷൻ കഴിഞ്ഞ് സർവ്വീസിലേക്ക് തിരികെ പ്രവേശിച്ച എം. ശിവശങ്കറിന് പദവി നിശ്ചയിച്ച് സർക്കാർ. സ്പോർട്സ് യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് സർക്കാർ ശിവശങ്കറിനെ നിയമിച്ചു. ബുധനാഴ്ച്ച രാവിലെ സെക്രട്ടറിയേറ്റിലെത്തിയാണ് ശിവശങ്കർ സർവ്വീസിൽ തിരികെ പ്രവേശിച്ചത്. എന്നാൽ ഇദ്ദേഹത്തിന് ഏത് പദവിയാണ് നൽകേണ്ടതെന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇക്കാര്യത്തിൽ തീരുമാനം സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചു സർക്കാർ ഉത്തരവിറക്കിയത്. എം ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കാൻ ഉന്നതതല സമിതി നേരത്തേ സർക്കാരിന് ശുപാർശ നൽകിയിരുന്നു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് ശുപാർശ നൽകിയത്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തെ തുടർന്ന് 2019 ജൂലായ് 14 നാണ് എം.ശിവശങ്കറിനെ സർവ്വീസിൽ നിന്നും സസ്‌പെന്റ്ഡ് ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ ആറ് മാസം കൂടുമ്പോൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പുനഃപരിശോധിക്കുന്ന രീതിയുണ്ട്. എന്നാൽ ശിവശങ്കറിന്റെ സസ്പെൻഷൻ രണ്ടുതവണ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഒന്നര വർഷമായി ശിവശങ്കർ സസ്‌പെൻഷനിലായിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവ്യക്തത തുടരുന്ന സാഹചര്യം പരിഗണിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിവശങ്കറിനെ തിരിച്ചെടുക്കണമെന്ന ശുപാർശ നൽകിയത്.

